റോബോടാക്സി പരീക്ഷണയോട്ടത്തിന് മികച്ച പ്രതികരണം
text_fieldsമുവാസലാത്ത് കർവ റോബോടാക്സി
ദോഹ: ഡ്രൈവറില്ല വാഹനങ്ങൾ നേരിട്ട് അനുഭവിക്കാനും പൊതുജനങ്ങൾക്കിടയിൽ ഓട്ടോണമസ് ഗതാഗത സംവിധാനങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും ലക്ഷ്യമിട്ട് മുവാസലാത്ത് (കർവ) സംഘടിപ്പിച്ച റോബോടാക്സി പരീക്ഷണയോട്ടത്തിന് മികച്ച പ്രതികരണം. ഓൾഡ് ദോഹ പോർട്ടിൽ സംഘടിപ്പിച്ച റോബോടാക്സി പരീക്ഷണയോട്ടത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്. ഡ്രൈവറില്ലാ വാഹനങ്ങൾ എന്ന സംവിധാനത്തിന് പൊതുജനങ്ങൾക്കിടയിൽ വലിയ ജനപ്രീതിയുണ്ടാക്കാൻ പരീക്ഷണയോട്ടത്തിലൂടെ സാധിച്ചതായി മുവാസലാത്ത് ഐ.ടി വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹമദ് അൽ ശൈബാനി പറഞ്ഞു. റോബോ ടാക്സി നേരിട്ട് അനുഭവിക്കാനുള്ള പൊതുജനങ്ങളുടെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്.
ഓട്ടോണമസ് ട്രാൻസ്പോർട്ട് സംവിധാനങ്ങളെക്കുറിച്ചും, ഈ സാങ്കേതികവിദ്യയുടെ സുരക്ഷയിലും വിശ്വാസ്യതയിലുമുള്ള ആശങ്കകൾ അകറ്റാനുമാണ് പരീക്ഷണ ഓട്ടം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അത്യാധുനിക സാങ്കേതികവിദ്യകൾ ഒരുക്കിയ ഓരോ റോബോടാക്സിയിലും 11 കാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ ഓരോ ടാക്സിയിലും ഒരു സേഫ്റ്റി ഓഫിസറുടെ സാന്നിധ്യം ഉറപ്പാക്കും. വാഹനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഇടപെടാനും ഇവർക്ക് സാധിക്കും. യാത്രക്കാർക്ക് വാഹനത്തിന്റെ റൂട്ട്, ചുറ്റുമുള്ള വസ്തുക്കൾ എന്നിവ സീറ്റിന് പിന്നിലെ സ്ക്രീനിലൂടെ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.
നിലവിൽ വെസ്റ്റ് ബേ, സെൻട്രൽ ദോഹ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഒരു യാത്രയിൽ പരമാവധി രണ്ടുപേർക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. പിക്-അപ് പോയന്റുകൾ നിശ്ചിത ലൊക്കേഷനുകളുടെ 50 മീറ്റർ പരിധിയിലായിരിക്കണം. സാധാരണ ടാക്സികൾക്ക് തുല്യമായ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ, പണമായി അടക്കാൻ സാധിക്കില്ല, കാർഡ് അല്ലെങ്കിൽ വാലറ്റ് പേയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്രക്കാർക്ക് കർവ ആപ് വഴി ടാക്സി ബുക്ക് ചെയ്യാം.
നിലവിൽ ഡി.ഇ.സി.സി മെട്രോ സ്റ്റേഷൻ, സിറ്റി സെന്റർ, സൂഖ് വാഖിഫ്, മുശൈരിബ് മെട്രോ സ്റ്റേഷൻ, ഖത്തർ നാഷനൽ മ്യൂസിയം, കതാറ, ലുസൈൽ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം റോബോടാക്സി പോയന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഖത്തർ യൂനിവേഴ്സിറ്റി, എജുക്കേഷൻ സിറ്റി എന്നിവിടങ്ങളിലേക്ക് കൂടി ഭാവിയിൽ സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. സുരക്ഷിതവും സുസ്ഥിരവുമായ നൂതന ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുവാസലാത്ത് റോബോടാക്സി സംവിധാനങ്ങൾ നടപ്പാക്കിയത്.


