വിദ്യാർഥികളുടെ സർഗശേഷി ഉണർത്താൻ എഫ്.സി.സി ‘മലയാള മഴ –സമ്മർ ബൊനാൻസ 2026’
text_fieldsദോഹ: വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുകയും വേനൽ അവധിയെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രന്റ്സ് കൾചറൽ സെന്റർ (എഫ്.സി.സി) സംഘടിപ്പിക്കുന്ന ‘മലയാള മഴ – സമ്മർ ബൊണാൻസ 2026' ക്രിയേറ്റീവ് സമ്മർ മത്സരങ്ങൾക്ക് തുടക്കമാകുന്നു.ഗ്രേഡ് അടിസ്ഥാനത്തിൽ ജൂനിയർ (4–6 വയസ്), പ്രീ സീനിയർ (7–9), സീനിയർ (10–12) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ സർഗശേഷിയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ ‘എന്റെ വേനൽക്കാല ഓർമകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്ക്രാപ്ബുക് ചലഞ്ച് സംഘടിപ്പിക്കും. പ്രീ-സീനിയർ, സീനിയർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വേദിയിൽത്തന്നെ നിർവഹിക്കേണ്ട ഓൺ ദി സ്പോട്ട് എഴുത്ത് മത്സരവും നടക്കും. കൂടാതെ, ജൂനിയർ, പ്രീ-സീനിയർ വിഭാഗങ്ങൾക്കായി ‘വേനൽക്കാല നിമിഷങ്ങൾ’ എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും സീനിയർ വിഭാഗത്തിനായി ‘60 സെക്കൻഡിൽ എന്റെ വേനൽക്കാല കഥ’ എന്ന വിഷയത്തിൽ ക്രിയേറ്റീവ് റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ എൻട്രികളും വിദ്യാർഥികളുടെ സ്വന്തം സൃഷ്ടികളായിരിക്കണമെന്ന് സംഘാടകർ അറിയിച്ചു. സൃഷ്ടിപരത, വിഷയത്തോടുള്ള പ്രസക്തി, അവതരണ മികവ് എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക. രജിസ്ട്രേഷൻ നടപടിക്രമങ്ങളും മത്സരങ്ങളുടെ വിശദമായ മാർഗനിർദേശങ്ങളും ഉടൻ പ്രഖ്യാപിക്കും. ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ‘മലയാള മഴ – സമ്മർ ബൊനാൻസ 2026’ എന്ന് എഫ്.സി.സി. ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 5553 6801, 66787007എന്നീ നമ്പറുകളിലും fcclibrary2026@gmail.com എന്ന ഇ മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.


