ഫിഫ അറബ് കപ്പ്; ജോർഡൻ ക്വാർട്ടറിലേക്ക്
text_fieldsഅറബ് കപ്പിൽ ജോർഡൻ -കുവൈത്ത് മത്സരത്തിൽ നിന്ന്
ദോഹ: അറബ് കപ്പിൽ കുവൈത്തിനെയും കീഴടക്കി ജോർഡൻ വിജയയാത്ര. കുവൈത്തിനെ 3-1ന് കീഴടക്കിയ ജോർഡൻ ഗ്രൂപ് സിയിൽ ലീഡ് നിലനിർത്തി അറബ് കപ്പ് ക്വാർട്ടറിലേക്ക് സ്ഥാനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ കരുത്തരായ ഈജിപ്തിനെ സമനിലയിൽ തളച്ചാണ് ജോർഡനെതിരെ ഇറങ്ങിയതെങ്കിലും കുവൈത്തിന് തുടക്കത്തിൽതന്നെ അടിപതറി. 17ാം മിനിറ്റിൽ അബുതാഹ് ജോർഡനുവേണ്ടി ആദ്യ ഗോൾ നേടി. ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും 1-0ത്തിന് ആദ്യപകുതി അവസാനിച്ചു.
49ാം മിനിറ്റിൽ അൽ റൂസൻ ജോർഡന് വേണ്ടി രണ്ടാമത്തെ ഗോൾ നേടി ലീഡ് ഇരട്ടിപ്പിച്ചു. 52ാം മിനിറ്റിൽ അലി അൽവാനിലൂടെ മൂന്നാം ഗോൾ ശ്രമം, ഓഫ്സൈഡ് കാരണം നിഷേധിക്കപ്പെട്ടു. 84ാം മിനിറ്റിൽ കുവൈത്ത് ഒരു ഗോൾ തിരിച്ചടിച്ചു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന നിമിഷം ജോർഡൻ മൂന്നാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു. അലി അൽവാന്റെ പെനാൽറ്റി ഗോളിലൂടെയായിരുന്നു ജോർഡൻ മൂന്നാം ഗോൾ നേടിയത്. രണ്ടു മത്സരങ്ങൾ പൂർത്തിയായ ഗ്രൂപ്പ് സിയിൽ നിലവിൽ ജോർഡൻ ആറു പോയന്റുമായി ഒന്നാമതാണ്. ആദ്യ മത്സരത്തിൽ ഈജിപ്തുമായി സമനിലയിൽ പിരിഞ്ഞ കുവൈത്തിന് നിലവിൽ ഒരു പോയന്റാണുള്ളത്.


