ഫിഫ ലോകകപ്പ് യോഗ്യത; ഖത്തർ-ഒമാൻ മത്സരം സമനിലയിൽ
text_fieldsദോഹ: ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള അങ്കത്തിൽ നാലാം റൗണ്ട് ആദ്യ മത്സരത്തിൽ ഖത്തർ-ഒമാൻ മത്സരം ഗോൾരഹിത സമനിലയിൽ.ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരു ടീമുകളും ഗോളൊന്നും അടിക്കാതെ പിരിയുകയായിരുന്നു. പന്തടക്കത്തിലും ആക്രമണങ്ങളിലും ഒരുപടി മുന്നിലായിരുന്നു ഖത്തർ.
എന്നാൽ, മികച്ച പ്രതിരോധമൊരുക്കി അന്നാബികളുടെ മുന്നേറ്റത്തെ ഒമാൻ ചെറുക്കുകയായിരുന്നു. വളരെ കരുതലോടെയായിരുന്നു ഇരുടീമുകളും തുടക്കത്തിൽ കളിച്ചത്.പിന്നീട്, ഖത്തർ കളിയിൽ ആധ്യപത്യം പുർലർത്തിയെങ്കിലും ഗോൾ വല കുലുക്കാനായില്ല. ഇതോടെ ഇരു വിങ്ങുകളിലുമായി ആക്രമണം കനപ്പിച്ചെങ്കിലും, ഒമാന്റെ പ്രതിരോധ നിരയിൽ തട്ടി ലക്ഷ്യം കാണാതെ പോകുകയായിരുന്നു.
ഗോൾവല ലക്ഷ്യമാക്കി ഖത്തർ 12 ഷോട്ടുകളുതിർത്തപ്പോൾ ഒമാൻ ആറെണ്ണവും പായിച്ചു.രണ്ടാം പകുതിയിൽ ഖത്തർ കൂടുതൽ ആക്രമണം കനപ്പിച്ചെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ഒമാനും കളം നിറഞ്ഞു കളിച്ചു.ഇതിനിടക്ക് ഇരുകൂട്ടർക്കും അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ആരും വല കുലുക്കാതെ അവസാന വിസിൽ മുഴങ്ങുകയായിരുന്നു.
ആദ്യ മത്സരം സമനിലയിൽ കലാശിച്ചതോടെ, യു.എ.ഇക്ക് എതിരെയുള്ള മത്സരങ്ങൾ ഇരുടീമിനും നിർണായകമായി. ഒക്ടോബർ 11ന് യു.എ.ഇ-ഒമാൻ മത്സരവും 14ന് ഖത്തർ -യു.എ.ഇ മത്സരവും അരങ്ങേറും.ഗ്രൂപ് വിജയികളാകുന്നവർ 2026 ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് അഞ്ചാം റൗണ്ട് പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന അവസരവും ലഭിക്കും