ഫിഫ ലോകകപ്പ് യോഗ്യത; ഖത്തർ ഇന്ന് ഒമാനെ നേരിടും
text_fieldsദോഹ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള അവസാന അങ്കത്തിനൊരുങ്ങി ഖത്തർ. 2026 ലോകകപ്പിലേക്കുള്ള നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഖത്തറിൽ ഇന്ന് തുടക്കമാകും.
ആദ്യ മത്സരത്തിൽ കരുത്തരായ ഒമാനാണ് ഖത്തറിന് എതിരാളികൾ, വൈകീട്ട് ആറു മണിക്ക് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് വാശിയേറിയ പോരാട്ടം നടക്കുക. 2022ൽ ആതിഥേയരായി ലോകകപ്പിൽ കന്നിയങ്കം കുറിച്ച അന്നാബികൾക്ക് രണ്ടാം ലോകകപ്പ് എന്ന സ്വപ്നമാണ് രണ്ട് മത്സരങ്ങൾക്കപ്പുറം കാത്തിരിക്കുന്നത്. എന്നാൽ, എതിരാളികൾ ഒട്ടും നിസ്സാരക്കാരല്ല. ശക്തരായ ഒമാനും യു.എ.ഇയുമായാണ് ഖത്തർ ഏറ്റുമുട്ടുക. ചരിത്രത്തിലെ ആദ്യ ലോകകപ്പിലേക്ക് ഒമാൻ കണ്ണുവെക്കുമ്പോൾ യു.എ.ഇ തങ്ങളുടെ രണ്ടാം ലോകകപ്പിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്.
റാങ്കിങ്ങിൽ 53ാം സ്ഥാനത്തുള്ള ഖത്തറിന് 78ാം സ്ഥാനത്തുള്ള ഒമാൻ ആദ്യ മത്സരത്തിൽ കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയ ഗൾഫ് കപ്പിൽ ജയം ഒമാനൊപ്പമായിരുന്നു. ഖത്തറിനെതിരെ 2009ന് ശേഷമുള്ള ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പോർച്ചുഗീസ് പരിശീലകൻ കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിലുള്ള ഒമാൻ ഇറങ്ങുന്നത്.
പക്ഷേ പുതിയ കോച്ച് സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്റ്റെഗിക്ക് കീഴില്‍ ഖത്തര്‍ പ്രതീക്ഷയിലാണ്. കരുത്തരായ എതിരാളികളാണ് ഒമാനെന്നും കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്നും ഖത്തർ പരിശീലകൻ യുലെൻ ലോപ്റ്റെഗി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകകപ്പ് യോഗ്യത എന്നുള്ളത് ഖത്തറിലുള്ള എല്ലാവരുടെയും ആഗ്രഹമാണ്, അത് സാധ്യമാക്കാൻ വേണ്ടി തന്നെ കളിക്കും, ആരാധകരുടെ പിന്തുണ ടീമിന് ഗുണമാകുമെന്നും ലോപ്റ്റെഗി പറഞ്ഞു. ഏഷ്യന്‍ വന്‍കരയില്‍നിന്ന് ലോകകപ്പിലേക്ക് ഇനി നേരിട്ട് രണ്ട് രാജ്യങ്ങള്‍ക്കാണ് അവസരം. ആറ് ടീമുകള്‍ ഇതിനായി മാറ്റുരക്കും.
ഒക്ടോബർ എട്ടു മുതൽ 14 വരെയാണ് ഖത്തറിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഖത്തർ, ഒമാൻ, യു.എ.ഇ അടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ 11ന് യു.എ.ഇ-ഒമാൻ മത്സരവും 14ന് ഖത്തർ -യു.എ.ഇ മത്സരവും അരങ്ങേറും. ഗ്രൂപ് വിജയികളാകുന്നവർ 2026ൽ ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് അഞ്ചാം റൗണ്ട് പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന അവസരവും ലഭിക്കും. ഗ്രൂപ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഈ മത്സരങ്ങൾ സൗദി അറേബ്യയിലായിരിക്കും നടക്കുക.