ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം
text_fieldsദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 2026 -27കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പി. സഫീറുസ്സലാം (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ), ഡോ. റസീൽ മൊയ്തീൻ (ചീഫ് ഓപറേറ്റിങ് ഓഫിസർ), മുഹമ്മദ് ആഷിക് (ചീഫ് ഫിനാൻസ് ഓഫിസർ), അമീനുറഹ്മാൻ അബ്ദുസ്സലാം (ഡെപ്യൂട്ടി സി.ഇ.ഒ), ടി.പി. അൻസബ് (അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യഭാരവാഹികൾ. എൻജിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയന്റ് എന്റർടെയിൻമെന്റ് കമ്പിനിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. 14 വർഷമായി ഖത്തറിലുള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക -സാംസ്കാരിക മേഖലയിലെ സുപരിചിതനുമാണ്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ഡോ. റസീൽ ദോഹ ഫാൽക്കൻ ക്ലിനിക്കിൽ സീനിയർ കൺസൾട്ടന്റും വെറ്ററിനറി വിഭാഗം ഡയറക്ടറുമാണ്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്. കേരള യൂനിവേഴ്സ്റ്റിയിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ മുഹമ്മദ് ആഷിക് പ്രൈവറ്റ് മേഖലയിൽ സീനിയർ ഇ.എൽ.വി എൻജിനീയറാണ്.
മറ്റു ഭാരവാഹികളായി ഹാഫിസ് ഷബീർ (സോഷ്യൽ വെൽഫെയർ മാനേജർ), ഫഹ്സിർ റഹ്മാൻ ( എച്ച്.ആർ. മാനേജർ), മുഹമ്മദ് ഷഫീഖ് (മാർക്കറ്റിങ് മാനേജർ), റഷീഖ് ബക്കർ (ഇവന്റ്സ് മാനേജർ), ത്വാഹാ മുഹമ്മദ് (അഡ്മിൻ കോഓഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുമാമ ഫോക്കസ് ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് അസ്കർ റഹ്മാൻ, ഹമദ് ബിൻ സിദ്ദീഖ് എന്നിവർ നിയന്ത്രിച്ചു. അബ്ദുൽ കരീം ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പി.ടി. ഹാരിസ്, അമീർഷാജി, ഫായിസ് ഇളയോടൻ, മൊയ്ദീൻ ഷാ എന്നിവർ സംസാരിച്ചു.


