അന്താരാഷ്ട്ര ഇടപെടലുകൾ ഇല്ലാതെ ഗസ്സയിലെ വെടിനിർത്തൽ കരാർ മുന്നോട്ടുപോകില്ല -ദോഹ ഫോറം
text_fieldsദോഹ: അന്താരാഷ്ട്ര ഇടപെടലുകൾ ഇല്ലാതെ ഗസ്സയിലെ വെടിനിർത്തൽ കരാർ മുന്നോട്ടുപോകില്ലെന്ന് ദോഹ ഫോറം അഭിപ്രായപ്പെട്ടു. ഗസ്സയിലെ സാഹചര്യം സുസ്ഥിരമാക്കാനും, മാനുഷിക സഹായം എത്തിക്കാനും, ദ്വിരാഷ്ട്ര പരിഹാരത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളുമായി മുന്നോട്ട് പോകാനും അടിയന്തര നടപടികൾ ആവശ്യമാണെന്ന് ‘ഗാസ: ആഗോള ഉത്തരവാദിത്തങ്ങളും സമാധാനത്തിലേക്കുള്ള വഴികളും’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വെടിനിർത്തൽ തുടർച്ചയായി ലംഘിക്കപ്പെടുന്നതിൽ സ്പെയിൻ വിദേശകാര്യ, യൂറോപ്യൻ യൂനിയൻ, സഹകരണ മന്ത്രി ജോസ് മാനുവൽ അൽബാരസ് ആശങ്ക രേഖപ്പെടുത്തി. മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാവുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ ഒരു പ്രതീക്ഷയുടെ തിളക്കമുണ്ട്, പക്ഷേ രണ്ടാം ഘട്ടത്തിലേക്ക് നാം വേഗത്തിൽ നീങ്ങണം.
വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല, നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുന്നു -ഇത് അവസാനിപ്പിക്കണം. ഗാസയിലേക്ക് വൻതോതിൽ മാനുഷിക സഹായം എത്തിക്കണമെന്നും അൽബാരസ് ആവശ്യപ്പെട്ടു. ഗസ്സയിലെ സിവിലിയന്മാർക്ക് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര മുൻഗണനയായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനും 20 പോയന്റ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ ഈജിപ്തിലെ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദേലറ്റി അഭ്യർത്ഥിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി മാനുഷിക -മെഡിക്കൽ സഹായം ഗസ്സയിൽ ഉറപ്പാക്കേണ്ടതുണ്ട്. വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി സ്റ്റെബിലൈസേഷൻ സേനയെ വേഗത്തിൽ വിന്യസിക്കണം. ഗസ്സയും വെസ്റ്റ് ബാങ്കും സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ആവർത്തിച്ചു.
സമാധാന പദ്ധതിയിലെ താൽക്കാലിക സ്ഥാപനങ്ങളെ ക്രമപ്പെടുത്തുകയും അവ നടപ്പിലാക്കുന്നതിനും അടിയന്തര പ്രാധാന്യം നൽകണമെന്ന് നോർവേ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡെ അഭിപ്രായപ്പെട്ടു. നിലവിലെ ദുർബലമായ അവസ്ഥ അധികനാൾ നിലനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉന്നത മന്ത്രിതല പാനൽ സെഷനിൽ, സ്പെയിൻ, നോർവേ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഡോ. കംഫർട്ട് എറോ നിയന്ത്രിച്ചു.


