ഇസ്രായേൽ പൂർണമായി പിന്മാറാതെ ഗസ്സയിൽ വെടിനിർത്തൽ പൂർണമാകില്ല -ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹ: ഇസ്രായേൽ പൂർണമായി പിന്മാറാതെ ഗസ്സയിലെ വെടിനിർത്തൽ പൂർണമാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. ഇതൊരു വെടിനിർത്തലായി കണക്കാനാകില്ല. ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറാതെയും, ഗസ്സയിൽ സ്ഥിരത കൈവരിക്കാതെയും വെടിനിർത്തൽ പൂർത്തിയാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളോടൊപ്പം ചേർന്ന് ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ചേർന്ന് പ്രവർത്തിച്ചു. ഒക്ടോബർ 10ന് നിലവിൽവന്ന കരാറിലൂടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള രണ്ട് വർഷം നീണ്ട പോരാട്ടത്തിന് ഏറെക്കുറെ വിരാമമിട്ടു. കരാറിന്റെ രണ്ടാംഘട്ടത്തിൽ, ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് പിന്മാറുകയും ഒരു ഇടക്കാല ഭരണകൂടം ഭരണം ഏറ്റെടുക്കുകയും ചെയ്യും, കൂടാതെ ഇന്റർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സിനെ പ്രദേശത്ത് വിന്യസിക്കും.
തുർക്കിയ, ഈജിപ്ത്, യു.എസ് എന്നിവരുമായി ചേർന്ന് ഖത്തർ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ മാത്രം പരിഹരിച്ചാൽ മതിയാകില്ല, നീതി ഉറപ്പാക്കുന്ന ശാശ്വത പരിഹാരമാണ് ആവശ്യമെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ഫോറത്തിൽ സംസാരിച്ച തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, സേനയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിന്റെ ഘടനയെക്കുറിച്ചും ഏതൊക്കെ രാജ്യങ്ങൾ ഭാഗമാകുന്നു തുടങ്ങിയ നിർണായക ചോദ്യങ്ങൾ നിലനിൽക്കുകയാണെന്നും വിശദീകരിച്ചു. എന്നാൽ, ഫലസ്തീനികളെ ഇസ്രായേലികളിൽ നിന്ന് വേർതിരിക്കുക ആയിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകളിൽ വിശ്വസ്തതയോടെ ഭാഗമാകുക എന്നതാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗമെന്നും ഫിദാൻ പറഞ്ഞു.


