ഗസ്സയിലേത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊല -ഖത്തർ
text_fieldsമാജിദ് അൽ അൻസാരി
ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾ ട്രംപിന്റെ വെടിനിർത്തൽ പദ്ധതിക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി. ട്രംപിന്റെ പദ്ധതിക്ക് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച ശേഷം ഇസ്രായേൽ സൈനിക നടപടികൾ നിർത്തിവെക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നിലവിലെ നടപടികൾ ആ വാദത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന്റെ പ്രതിവാര വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധാനന്തര ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഗസ്സയുടെയും ഫലസ്തീന്റെയും ഭാവി ഫലസ്തീൻ ജനത തന്നെ നിർണയിക്കണമെന്ന് ഖത്തർ ഉറച്ചു വിശ്വസിക്കുന്നു. പുനർനിർമാണ ഘട്ടത്തിൽ, സുരക്ഷ, സാമ്പത്തിക, ഭരണപരമായ മേഖലകളിൽ അന്താരാഷ്ട്ര പിന്തുണ ആവശ്യമായി വരും. എന്നാൽ, ഫലസ്തീന്റെ ഭാവി ഫലസ്തീൻ ജനതയുടെ കൈകളിലായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ സമഗ്രമായ വെടിനിർത്തൽ കൈവരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ദുരന്തപൂർണമായ യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ ഉൾപ്പെടുന്നത്. പദ്ധതിയെ എല്ലാ കക്ഷികളും പിന്തുണക്കുന്നുണ്ടെന്നും സമവായത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നിരവധി കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ട്രംപിന്റെ പദ്ധതിയിലെ നിർദേശങ്ങൾക്ക് കുടുതൽ വിശദീകരണം ആവശ്യമാണ്. ഇത് എല്ലാ കക്ഷികളുമായി തുടർചർച്ചകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. നിലവിൽ ഖത്തറിന്റെ സംഘം ഉൾപ്പെടെ എല്ലാ പ്രതിനിധി സംഘങ്ങളും ചർച്ചയുടെ ഭാഗമാണെന്നും പദ്ധതിയിലെ വ്യവസ്ഥകളിൽ ധാരണയിലെത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും ഡോ. അൽ അൻസാരി പറഞ്ഞു.
ചർച്ചകൾ നടന്നുവരികയാണ്, ഈ പദ്ധതിയോട് ഖത്തർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും ഖത്തർ ശ്രമിക്കുന്നുണ്ട്. ഒരു സമാധാന പദ്ധതിയും ഇരു കക്ഷികളെയും പൂർണമായി തൃപ്തിപ്പെടുത്തില്ല, ചില വ്യവസ്ഥകൾ ഇരു കക്ഷികൾക്കും സ്വീകാര്യമല്ലെന്ന് മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിലെ സംഘർഷം വിനാശകരമാണ്, ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ്. വിവേകമുള്ള ഒരാൾക്കും ഇത് അംഗീകരിക്കാൻ കഴിയില്ല.
ചർച്ചകളിൽ ഖത്തറിന്റെ പങ്കാളിത്തം നയതന്ത്ര ശ്രമങ്ങളുടെ തുടർച്ചയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡോ. അൽ അൻസാരി പറഞ്ഞു. ഈജിപ്തുമായും അമേരിക്കയുമായും സഹകരിച്ച് ഖത്തർ രണ്ട് വർഷമായി മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായതെല്ലാം സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ചെയ്യാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഗസ്സയുടെ പുനർനിർമാണത്തിനായി ആഗോള സമ്മേളനം നടത്താനുള്ള ഈജിപ്തിന്റെ സംരംഭത്തിന് ഖത്തറിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.