ഗൾഫ് ബാസ്കറ്റ്ബാൾ ഖത്തർ റണ്ണേഴ്സ് അപ്പ്
text_fieldsഗൾഫ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ ഖത്തർ
ദോഹ: ഗൾഫ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ഫൈനലിൽ ഖത്തറിന് തോൽവി. ബഹ്റൈനിലെ ഇസാ ടൗൺ ഖലീഫ സ്പോർട്സ് സിറ്റി അരീനയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ബഹ്റൈന് മുന്നിൽ കീഴടങ്ങിയാണ് ഖത്തറിന്റെ മടക്കം.
73-68 എന്ന സ്കോറിന് ജയിച്ച ബഹ്റൈൻ കിരീടമണിഞ്ഞു. യുവതാരങ്ങളായ മുസ്തഫ ഹുസൈനും മുസാമിൽ അമീറും മത്സരത്തിൽ ആതിഥേയർക്കുവേണ്ടി യഥാക്രമം 24, 16 പോയിന്റുകൾ നേടി. കുവൈത്തിനാണ് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സൗദി അറേബ്യയെ 80-77 എന്ന സ്കോറിനാണ് കുവൈത്ത് തോൽപിച്ചത്.
സെപ്റ്റംബർ രണ്ടു മുതൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പുരുഷന്മാരുടെ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് നടന്നത്.