ഒരായിരം ഓട്ടക്കാർ...;ഗൾഫ് മാധ്യമം ഖത്തർ റണ്ണിന് ആവേശക്കൊടിയിറക്കം
text_fieldsദോഹ: ദോഹയുടെ തണുത്ത പുലർക്കാലത്തിന് വാശിയേറിയ മത്സരച്ചൂട് പകർന്ന് ഗൾഫ് മാധ്യമം ’ഖത്തർ റണ്ണി’ന് ആവേശക്കൊടിയിറക്കം. 60ഓളം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലേറെ അത്‍ലറ്റുകൾ ട്രാക്കിലിറങ്ങിയ ഹ്രസ്വ -ദീർഘ ദൂര ഓട്ടങ്ങൾ ദോഹക്ക് സുന്ദരകാഴ്ചയൊരുക്കി. ഗൾഫ് മാധ്യമം ഖത്തർ റൺ ഏഴാമത് പതിപ്പിനാണ് വെള്ളിയാഴ്ച രാവിലെ ആസ്പയർ പാർക്കിലെ പച്ചപ്പുൽ തകിടിക്ക് നടുവിലെ ട്രാക്ക് വേദിയായത്. രാവിലെ ഏഴ് മണിക്കായിരിന്നു മത്സരങ്ങൾക്ക് വിസിൽ മുഴങ്ങിയത്.
എന്നാൽ, ഒരു മണിക്കൂർ മുമ്പുതന്നെ ആസ്പയർ പാർക്ക് ഓട്ടക്കാരെ കൊണ്ട് നിറഞ്ഞു. സ്വദേശികളും, ഖത്തറിലെ പ്രവാസികളുമായ വിവിധ രാജ്യക്കാർ ആവേശത്തോടെയാണ് മത്സരത്തിനെത്തിയത്. കുട്ടികളും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള അത്‍ലറ്റുകൾ കുടുംബത്തോടൊപ്പം മത്സര വേദിയിലെത്തി. 3000ത്തോളം പേരാണ് അതി രാവിലെ ആസ്പയർ പാർക്ക് കീഴടക്കിയത്.
മത്സരങ്ങൾ തുടങ്ങും മുമ്പേ സിൻ മുഗ് ദ സർനായിക്കിന്റെ നേതൃത്വത്തിലുള്ള ടീം അവതരിപ്പിച്ച സുംബ സെഷൻസും പ്രോക്ക പവർ ജിം ടെയിനർമാരുടെ വാം അപ്പ് സെഷനുകളും നടന്നു. ഇന്റർവെൽ ട്രെയിനിങ്, പ്രീ റൺ വാംഅപ് ആന്റ് പോസ്റ്റ് റൺ കൂൾ ഡൗൺ എക്സർസൈസ് എന്നിവയിൽ വിദഗ്ധർ നയിക്കുന്ന വാംഅപ്പുകളാണ് നടന്നത്. കുട്ടികൾക്കായി വേദിക്കരികിൽ വിവിധങ്ങളായ ഫൺ ഗെയിമുകളും സംഘടിപ്പിച്ചു.
പിന്നാലെ, ഏഴ് മണിയോടെ മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് മുഴങ്ങി. ഏറ്റവും വലിയ ദൂരമായ 10 കി.മീ ഓട്ടത്തോടെയായിരുന്നു തുടക്കം. 16 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ മത്സരിച്ച ഓപൺ വിഭാഗത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവപങ്കാളിത്തം ശ്രദ്ധേയമായി. അതേസമയം, വിവിധ കാറ്റഗറികളിലായി മാസ്റ്റേഴ്സിൽ ഇരുനൂറിലേറെ പേരും പങ്കെടുത്തു.
മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്ത മിനി കിഡ്സ് വിഭാഗം മുതൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രൈമറി, സെക്കൻഡറി, മുതിർന്ന വിദ്യാർഥികളുടെ ജൂനിയർ എന്നീ കാറ്റഗറികളിലും മത്സരങ്ങൾ നടന്നിരുന്നു. നിറഞ്ഞ കൈയടികൾക്കൊടുവിൽ ഓട്ടം പൂർത്തിയാക്കിയെത്തിയവരെയെല്ലാം മെഡലുകൾ സ്വന്തമാക്കിയാണ് മടങ്ങിയത്.
തുടർന്ന് നടന്ന സമാപന ചടങ്ങിൽ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് ഹെഡ് സന്ദീപ് ജി. നായർ, സീഷോർ കേബിൾ ഡിവിഷൻ ഹെഡ് നിഷാദ് മുഹമ്മദ് അലി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് സോണൽ ഹെഡ് നൗഫൽ തടത്തിൽ, സാവോയ് ഇൻഷുറൻസ് സി.ഇ.ഒ ജെറി, അൽ സമാൻ എക്സ്ചേഞ്ച് സി.ഒ.ഒ സുബൈർ അബ്ദുറഹ്മാൻ, ബ്രാഡ്മ എം.ഡി കെ.എൽ. ഹാശിം, ന്യൂ ഗുഡ് വിൽ കാർഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു,
കാൻ ഇന്റർനാഷനൽ സി.എസ്.ഒ അൽക മീര സണ്ണി, അഹ്മദ് അൽ മഗ് രിബി മാർക്കറ്റിങ് മാനേജർ സൈഫ് ഹാശിമി, എൻ.വി.ബി.എസ് എം.ഡി ബെനസീർ മനോജ്, മനോജ് സാഹിബ്ജാൻ, മാർക്കറ്റിങ് മാനേജർ നന്ദിപ, ഗൾഫ് മാധ്യമം -മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം -മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ മുനീഷ്, ഗൾഫ് മാധ്യമം ഖത്തർ ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ഗൾഫ് മാധ്യമം ഖത്തർ പി.ആർ ആൻഡ് മാർക്കറ്റിങ് മാനേജർ ഒ.ടി. സക്കീർ ഹുസൈൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ഫിനാൻസ് മാനേജർ നസീഫ്, ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കോഡിനേറ്റർ നൂറുദ്ദീൻ എന്നിവർ എന്നിവർ മത്സര വിജയികൾക്കുള്ള മെഡലുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. ആർ.ജെ അഷ്ടമി ആയിരുന്നു അവതാരക.


