ദേശീയ കായിക ദിനത്തിൽ ഹാഫ് മാരത്തൺ; പ്രഖ്യാപനവുമായി ഖത്തർ ഒളിമ്പിക്
text_fieldsഖത്തർ ഒളിമ്പിക് കമ്മിറ്റി യോഗത്തിൽനിന്ന്
ദോഹ: 2025ലെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രഥമ ഹാഫ് മാരത്തൺ ചാമ്പ്യൻഷിപ് പ്രഖ്യാപിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റി. അടുത്ത വർഷത്തെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11നാണ് ഖത്തറിലെ ഓട്ടപ്രേമികൾക്കായി ഒരുക്കുന്ന ഹാഫ് മാരത്തൺ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ കായിക പാരമ്പര്യവും ഒപ്പം ആരോഗ്യ മുൻകരുതലുകളും സന്ദേശമാവുന്ന മാരത്തണിൽ പങ്കെടുക്കാൻ കായിക താരങ്ങളും അമച്വർ അത്ലറ്റുകളും കുടുംബങ്ങളും മുന്നോട്ട് വരണമെന്ന് ക്യു.ഒ.സി ഹാഫ് മാരത്തൺ 2025 സംഘാടക സമിതി പ്രസിഡന്റ് ശൈഖ് സുഹൈം ബിൻ മുഹമ്മദ് ആൽ ഥാനി പറഞ്ഞു. എല്ലാ വിഭാഗങ്ങളിൽനിന്നുമായി എട്ടായിരത്തോളം അത്ലറ്റുകൾ മാരത്തണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ അത്ലറ്റിക് ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് റാശിദ് അൽ മർരി പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം റിയാൽ സമ്മാനമായി നൽകും. ആറ് വയസ്സും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രധാന വേദികളിലൊന്നായ ലുസൈൽ ബൊളെവാഡ് ഹാഫ് മാരത്തണിനും വേദിയാകും.