ഉത്സവാന്തരീക്ഷത്തിൽ ഇന്ത്യൻ സ്കൂളുകളിൽ പഠനാരംഭം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യയന വർഷ ആരംഭത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടികൾ
ദോഹ: വർണാഭമായ ആഘോഷ പൊലിമയോടെ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷത്തിന് തുടക്കം. വാർഷിക പരീക്ഷകളും പെരുന്നാൾ അവധിയും കഴിഞ്ഞാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്. മധുരം നൽകിയും വിത്യസ്തമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തേടെ തിരികെ എത്തിയ വിദ്യാർഥികളെ അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. അതേസമയം, ചില സ്കൂളുകളിൽ കിൻഡർഗർട്ടൻ പുതുമുഖക്കാർക്ക് അടുത്തദിവസങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സ്കൂളുകളിൽ കുട്ടികളെ സ്വാഗതംചെയ്ത് ബലൂണുകളും വർണക്കടലാസും കൊണ്ട് അലങ്കരിക്കുകയും സ്വീകരണപരിപാടികൾ സംഘടിപ്പിച്ചും പ്രവേശനോത്സവം വർണാഭമാക്കി.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷം വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. പ്രവേശനേത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പുതിയൊരു അധ്യയന വർഷത്തിന് മുന്നോടിയായി അധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസുകളും നേരത്തേ സംഘടിപ്പിച്ചിരുന്നു. ഡിപാർട്ട്മെന്റ് തല യോഗങ്ങളിൽ അക്കാദമിക് പ്ലാനുകൾ ആസൂത്രണം ചെയ്തും, സിലബസ്, അസൈൻമെന്റുകൾ, വർക്ക് ഷീറ്റുകൾ എന്നിവ തയാറാക്കിയും അധ്യാപകർ സജീവമായി പങ്കെടുത്തു. കൂടാതെ, അധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനായി ഡെമോ ക്ലാസുകളും അക്കാദമിക് കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള ഇ.ആർ.പി പരിശീലന സെഷനുകളും സംഘടിപ്പിച്ചു. സ്കൂളിന്റെ വിദ്യാഭ്യാസ മികവ് ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർഥികളിൽ സമഗ്രമായ വികസനവും സർഗാത്മകതയും ആത്മവിശ്വാസവും വളർത്താനാണ് പരിശ്രമിക്കുന്നതെന്ന് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.


