ലോകവേദിയിൽ കേരള മുസ്‍ലിം വനിതകളുടെ വിശേഷങ്ങളുമായി നാൽവർസംഘം
text_fieldsഖത്തർ ഫൗണ്ടേഷന് കീഴിലെ മുജാദില സെന്റർ നടത്തിയ ജദൽ ഉച്ചകോടിയിൽ പങ്കെടുത്ത
മലയാളികളായ ഖദീജ റംസിയ, ഡോ. ഫർസാന, ആബിദ അബ്ദുല്ല, ഡോ. നാജിയ എന്നിവർ
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്‍ലിം വനിതാ ചിന്തകരെയും ഗവേഷകരെയും അണിനിരത്തി ഖത്തർ ഫൗണ്ടേഷന് കീഴിലെ മുജാദില സെന്റർ നടത്തിയ ജദൽ ഉച്ചകോടിയിൽ നിറസാന്നിധ്യമായി മലയാളി വനിതകളും. ഖത്തർ ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവുമായ ശൈഖ മൗസ ബിൻത് നാസർ സജീവമായി പങ്കെടുത്ത ത്രിദിന ഉച്ചകോടിയിലാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലുപേർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് കൈയടി നേടിയത്.
കേരള മുസ്‍ലിം വനിതകളുടെ ജീവിതവും പൊതു ഇടപെടലുകളും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ വിപ്ലവകരമായ കുതിപ്പുമെല്ലാം അന്താരാഷ്ട്രതലത്തിലെ ചിന്തകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഉച്ചകോടിയിലെ ഇന്ത്യൻ മേൽവിലാസമായ നാൽവർ സംഘം.
മാധ്യമപ്രവർത്തകയും ഗവേഷകയുമായ കോഴിക്കോട് ഫറൂഖ് സ്വദേശിനി ഖദീജ റംസിയ അഷ്റഫ്, കോഴിക്കോട് സർവകലാശാല സോഷ്യോളജി വിഭാഗം അസി. പ്രഫസഫർ കുന്ദമംഗലം സ്വദേശിനി ഡോ. നാജിയ പി.പി, മഞ്ചേരി സ്വദേശിനിയും വിദ്യാർഥിനിയുമായ ആബിദ അബ്ദുല്ല, ഭുവനേശ്വർ കെ.ഐ.ഐ.ടി അസി. പ്രഫസർ മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിനി ഡോ. ഫർസാന കെ.പി എന്നിവരാണ് ഖത്തർ ഫൗണ്ടേഷൻ ക്ഷണം സ്വീകരിച്ച് ശ്രദ്ധേയമായ വിഷയങ്ങൾ ലോകവേദിയിൽ അവതരിപ്പിച്ചത്.
വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡിൽഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലേറെ പ്രതിനിധികളും 75ഓളം പ്രഭാഷകരും പങ്കെടുക്കുന്ന ജദല ഉച്ചകോടിക്ക് മുജാദില സെന്ററാണ് വേദിയൊരുക്കുന്നത്. സ്ത്രീകൾക്ക് മാത്രമായി പള്ളിയും ഗവേഷണകേന്ദ്രവും ലൈബ്രറിയും എന്ന നിലയിൽ കഴിഞ്ഞവർഷം ആദ്യത്തിൽ തുടക്കം കുറിച്ച സംരംഭമാണ് മുജാദില.
ശ്രദ്ധേയമായ വിവിധ പരിപാടികളിലൂടെ ഇതിനകം ആഗോള പ്രശസ്തിനേടിയ കേന്ദ്രത്തിന്റെ പ്രഥമ ജദൽ ഉച്ചകോടി ജനുവരി 26 മുതൽ 28 വരെയാണ് നടന്നത്.
‘മതസംവാദവും പൊതു പങ്കാളിത്തവും’ എന്ന വിഷയത്തിൽ ആദ്യദിനത്തിൽ നടന്ന ചർച്ചയിൽ കേരള മുസ്‍ലിം വനിതകളുടെ പൊതുമണ്ഡലങ്ങളിലെ ഇടപെടലിൽ ഊന്നിയായിരുന്നു ഡോ. നാജിയയുടെ പ്രബന്ധാവതരണം. ‘വിമോചനത്തിന്റെ പുനർവിചിന്തനം’ എന്ന വിഷയത്തിലായിരുന്നു ആബിദ അബ്ദുല്ല ആദ്യദിനത്തിൽ സദസ്സിനെ അഭിസംബോധന ചെയ്തത്.
ആഗോളതലത്തിലും പ്രദേശികതലത്തിലും മുസ്‍ലിം വനിതകൾ നേരിടുന്ന വെല്ലുവിളികളെയും അടിച്ചമർത്തലുകളെയും പുതിയ കാഴ്ചപ്പാടോടെ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു ഇതെന്ന് ആബിദ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
സമാപന ദിനത്തിൽ നടന്ന ‘വെല്ലുവിളികളും അവസരങ്ങളും’ എന്ന സെഷനിൽ കേരളത്തിന്റെ മുസ്‍ലിം സ്ത്രീകളുടെ കുടുംബങ്ങളിലെ പങ്കാളിത്തമായിരുന്നു ഖദീജ റംസിയ അവതരിപ്പിച്ചത്.
മലയാളികൾക്കിടയിലെ പ്രസവാനന്തര ആരോഗ്യ പരിചരണത്തിലെ ഭക്ഷണരീതികളെയും വാമൊഴിയായി പകർന്നുകിട്ടിയ വിശാലമായ അറിവിനെയും ലോകവേദിയിൽ പരിചയപ്പെടുത്താനുള്ള അവസരമായാണ് ഇവർ ഉപയോഗപ്പെടുത്തിയത്.
മുസ്‍ലിം വനിതകളുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട സമാപന സെഷനിൽ മലബാറിലെ മുസ്‍ലിം സ്ത്രീകൾക്കിടയിലെ ചികിത്സാ രീതികളെക്കുറിച്ചായിരുന്നു ഡോ. ഫർസാനയുടെ വിഷയാവതരണം. നൂറ്റാണ്ടുകളായി തുടരുന്ന മന്ത്രവും ചികിത്സയും ഉൾപ്പെടെ വിഷയങ്ങളിലേക്ക് സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളും ഗവേഷകരും തങ്ങളുടെ പ്രബന്ധാവതരണങ്ങൾ ആവേശത്തോടെ കേൾക്കുകയും ചർച്ചകളിലും സജീവമായി പങ്കുവഹിക്കുകയും ചെയ്തുവെന്ന് നാലുപേരും സാക്ഷ്യപ്പെടുത്തുന്നു.