മലയാളോത്സവം-25 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; കേരള മുഖ്യമന്ത്രി ഖത്തറിലെത്തുന്നത് 12 വർഷത്തിന് ശേഷം
text_fieldsദോഹ: ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ ഒക്ടോബർ 30ന് വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഒപ്പം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഡോ. എം.എ. യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ പങ്കെടുക്കും. 12 വർഷങ്ങൾക്കുശേഷം കേരളത്തിന്റെ മുഖ്യമന്ത്രി ഖത്തറിൽ എത്തുന്നതിന്റെ ആവേശത്തിലാണ് മാലയാളി സമൂഹം.
വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. അൽ ഖോർ, മിസഈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്റ, ഉമ്മു സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ സംഘാടകർ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിക്കെത്തുന്നവർ പരമാവധി പബ്ലിക് ട്രാൻ, ട്രാൻസ്പോർട്ടേഷനുകൾ ഉപയോഗിക്കണമെന്ന് സംഘാടകർ അറിയിച്ചു.
മലയാളോത്സവത്തിന് മാറ്റ് കൂട്ടാൻ വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ചെണ്ടമേളം എന്നിവ അരങ്ങേറും. ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ അതത് ജില്ലയിലെ സംഘടനകൾ ഒരുക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായി, ജനറൽ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഇ.എം. സുധീർ, സംഘാടക സമിതി ഭാരവാഹികളായ കെ.ആർ. ജയരാജ്, ഷൈനി കബീർ, ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, സമീർ സിദ്ദിഖ്, അഹമ്മദ് കുട്ടി, ഷഹീൻ മുഹമ്മദ് ഷാഫി, അബ്ദുൽ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവർപങ്കെടുത്തു.


