തലയെടുപ്പോടെ ഖത്തറിന്റെ കായിക കുതിപ്പിനൊപ്പം; ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് 50 വയസ്സ്
text_fieldsഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ഖത്തറിന്റെ കായിക കുതിപ്പിനൊപ്പം സഞ്ചരിച്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം സുവർണ്ണ ജൂബിലി നിറവിൽ. ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട കായിക അടയാളങ്ങളിലൊന്നായ സ്റ്റേഡിയം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പ്രാദേശികവും അന്തർദേശീയവുമായ നിരവധി കായിക മത്സരങ്ങൾക്ക് വേദിയായത്. ഉദ്ഘാടനം ചെയ്യപ്പെട്ടതുമുതൽ, ഖത്തറിനെ ഒരു ആഗോള കായിക കേന്ദ്രമായി ഉയർത്തുന്നതിൽ ഖലീഫ സ്റ്റേഡിയം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കായിക വളർച്ചയുടെ പ്രതീകമായി നിലകൊള്ളുന്ന സ്റ്റേഡിയത്തിന് മുൻ ഖത്തർ അമീർ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ നാമധേയത്തിലാണ് നിലകൊള്ളുന്നത്.
അന്താരാഷ്ട്ര കായികമേഖലയിൽ ഖത്തറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന അനേകം ചരിത്ര നിമിഷങ്ങൾക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 1976ൽ നടന്ന നാലാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനത്തോടെയാണ് സ്റ്റേഡിയം പ്രവർത്തനമാരംഭിച്ചത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകൾക്ക് വേദിയൊരുക്കുകയുണ്ടായി. തുടക്കത്തിൽ 20,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്. പിന്നീട്, ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിന് അവസരം ലഭിച്ചതോടെ 2010-ൽ വിപുലമായ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. സ്റ്റേഡിയത്തിലെ ഗാലറികൾ മെച്ചപ്പെടുത്തുകയും, ഇരിപ്പിടങ്ങളുടെ എണ്ണം 45,000-ത്തിലധികമായി വർധിപ്പിക്കുകയും ചെയ്തു. കൂടാതെ, നൂതനമായ കൂളിങ് സംവിധാനവും സ്റ്റേഡിയത്തിന്റെ 70 ശതമാനത്തോളം ഭാഗം മൂടുന്ന മേൽക്കൂരയും നിർമിച്ചു. നവീകരണത്തിന് ശേഷം 2017-ൽ തുറന്നുനൽകിയ സ്റ്റേഡിയം, ഫിഫ ലോകകപ്പിനായി സജ്ജമാക്കിയ ആദ്യ വേദികളിലൊന്നായി മാറി. ലോകകപ്പിൽ എട്ട് പ്രമുഖ മത്സരങ്ങൾക്കാണ് ഖലീഫ് സ്റ്റേഡിയം വേദിയായത്.
അന്താരാഷ്ട്ര തലത്തിൽ ഖത്തറിനെ പ്രമുഖ കായിക കേന്ദ്രമാക്കി മാറ്റുന്നതിൽ സ്റ്റേഡിയം നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. 1992ൽ അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തർ മുത്തമിട്ടപ്പോൾ ഖലീഫ സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. 2019ൽ മിഡിൽ ഈസ്റ്റിൽ ആദ്യമായി നടന്ന വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും ദോഹ ഡയമണ്ട് ലീഗിനും ഖലീഫ സ്റ്റേഡിയം വേദിയായി. പരിസ്ഥിതി സൗഹൃദപരമായ നിർമാണ രീതികളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത സ്റ്റേഡിയം അന്താരാഷ്ട്ര തലത്തിൽ ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തിന്റെ (GSAS) ഫോർ സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയം കൂടിയാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം.
കൂടാതെ, കാണികൾക്ക് വിശ്രമിക്കാനും വിനോദപരിപാടികൾക്കുമായി വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് ചുറ്റും ഹരിതാഭ നൽകുന്ന പുൽത്തകിടി, പാർക്കുകൾ, പൂന്തോട്ടങ്ങൾ തുടങ്ങി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കേവലമൊരു ഫുട്ബാൾ മൈതാനത്തിനപ്പുറം, ഖത്തറിന്റെ സാംസ്കാരികവും കായികവുമായ സ്വപ്നങ്ങളുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന സ്റ്റേഡിയം, ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായും ഭാവി തലമുറക്കുള്ള പ്രചോദനമായും പുതിയ അധ്യായങ്ങൾ രചിച്ച് യാത്ര തുടരുന്നു.
സ്റ്റേഡിയത്തിൽ നടന്ന പ്രധാന ഇവന്റുകൾ
- 1976 -നാലാമത് അറേബ്യൻ ഗൾഫ് കപ്പ്
- 1992 -11-ാമത് അറേബ്യൻ ഗൾഫ് കപ്പ്
- 1998 -അറബ് കപ്പിന് ആതിഥേയത്വം
- 2006 -ഏഷ്യൻ ഗെയിംസിന് വേദിയായി
- 2011 -എ.എഫ്.സി ഏഷ്യൻ കപ്പ്, അറബ് ഗെയിംസ്
- 2019 -വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ്
- 2021 -ഫിഫ അറബ് കപ്പ്
- 2022 -ഫിഫ ലോകകപ്പ്
- 2023 -എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ
- 2025 -ഫിഫ അറബ് കപ്പ്, ഫിഫ അണ്ടർ-17 ലോകകപ്പ്


