ഖിഫ് സൂപ്പർ കപ്പ് ഫൈനൽ 19ന്
text_fieldsഖിഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: നവംബർ -ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഖിഫ് സൂപ്പർ കപ്പ് സീസൺ-16 കിരീടപ്പോരാട്ടം വെള്ളിയാഴ്ച ഹിലാലിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ ക്യൂ.ആർ.ഐ എഫ്.സി തൃശൂർ ഗ്രാൻഡ്മാൾ എഫ്.സി മലപ്പുറത്തിനെ നേരിടും. പരാജയം അറിയാതെയാണ് ഇരു ടീമുകളും കലാശ പോരാട്ടത്തിന് എത്തുന്നത്. ഇതുവരെ നടന്ന മത്സരങ്ങളിൽനിന്ന് ഏഴ് ഗോൾ വീതം നേടി മാപ്സ് കോഴിക്കോട് ടീമിന്റെ മുസമ്മിലിനൊപ്പം ടോപ് സ്കോറർ പദവി പങ്കിടുന്ന ജംഷീർ ആണ് മലപ്പുറം ടീമിന്റെ കുന്തമുന. അവരുടെ ഷെമാർട്ടൺ, ഷഗിൻ, തൗഫീഖ്, നവാഫ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. ക്യൂ.ആർ.ഐ എഫ്.സി തൃശൂർ ഭാഗത്ത് മുസൂഫ്, ജോൺ, ഷഹീൻ, റഷീദ് ആന്റണി എന്നീ താരങ്ങളുടെ മികവിൽ ആണ് പ്രതീക്ഷ. തീ പാറുന്ന പോരാട്ടമായിരിക്കും ഇരു ടീമുകളും അൽ അഹ്ലി സ്റ്റേഡിയത്തിൽ കാഴ്ചവെക്കുക.
ഫൈനൽ മത്സരത്തിന് മുന്നോടിയായി സംഗീത-നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. സരിഗമപയിലൂടെയും ബിഗ് ബോസിലൂടെയും ആരാധകരെ കൈയിലെടുത്ത അക്ബർ ഖാൻ ആയിരിക്കും സംഗീത പരിപാടിയിലെ മുഖ്യ ആകർഷണം. പ്രതാപ് ദാസ്, റിയാസ് കരിയാട് എന്നിവരും ഗാനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എം.ഇ.എസ് സ്കൂൾ ബാൻഡിന്റെ പ്രത്യേക പ്രകടനം മറ്റൊരു ആകർഷണമാണ്.
സൂപ്പർ കപ്പിന്റെ ആരവം ഒഴിയുമ്പോൾ ഈസക്ക സെവൻസിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് പ്രവാസികളായ ഖത്തർ ഫുട്ബാൾ ആരാധകർ. ഇരുനൂറിലേറെ കളിക്കാർ ഇതിനോടകം രജിസ്റ്റർ ചെയ്തു. 16 ഫ്രാഞ്ചൈസികളാണ് ടീമുകൾ അണിനിരത്തുക. ഈസക്ക വിട്ടുപിരിഞ്ഞ ഫെബ്രുവരി ആദ്യ വാരം ഫൈനൽ വരുന്ന വിധത്തിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുകയെന്നും സംഘാടകർ അറിയിച്ചു.
ഖിഫ് ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീൻ, സെക്രട്ടറി അഡ്വ. ഇക്ബാൽ, മറ്റ് ഖിഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


