ഖിഫ് സൂപ്പർ കപ്പ്; തൃശൂർ -മലപ്പുറം ഫൈനൽ
text_fieldsഖിഫ് സൂപ്പർ കപ്പ് തൃശൂർ -കോഴിക്കോട് ആദ്യ സെമിയിൽനിന്ന്
ദോഹ: ഖിഫ് സൂപ്പർ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ കോഴിക്കോടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി തൃശൂർ. ആവേശകരമായ കളിയിൽ തുടക്കത്തിൽ തന്നെ 14ാം മിനിറ്റിൽ 24ാം നമ്പർ താരം ജോൺ ആന്റോ നേടിയ ഗോളിൽ തൃശൂർ മുന്നിട്ടുനിന്നു. എന്നാൽ, കളി തീരാൻ മൂന്നു മിനിറ്റ് ബാക്കിനിൽക്കെ കോഴിക്കോടിനു വേണ്ടി അവരുടെ 16 ാം നമ്പർ താരം മുസമ്മിൽ ഗോൾ മടക്കിയതോടെ സമനിലയിൽ തുടർന്ന കളി എക്സ്ട്രാ ടൈമിലും ഗോൾ അടിക്കാതെ പിരിയുകയായിരുന്നു. തുടർന്ന പെനാൽറ്റിയിലേക്ക് നീങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തൃശൂർ ജയമുറപ്പാക്കുകയായിരുന്നു. തൃശൂരിന്റെ ജോൺ ആന്റോ ആണ് കളിയിലെ താരം.
അതേസമയം രണ്ടാമത് നടന്ന സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡ് എറണാകുളത്തെ തോൽപ്പിച്ച് ഗ്രാൻഡ്മാൾ എഫ്.സി മലപ്പുറം ഫൈനലിൽ പ്രവേശിച്ചു. നവാഫാണ് മലപ്പുറത്തിന്റെ ഗോൾ നേടിയത്.
19ന് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ മലപ്പുറവും-തൃശൂരും നേർക്കുനേർ ഏറ്റുമുട്ടും.


