കായികദിനാഘോഷവുമായി കെ.എം.സി.സി
text_fieldsദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ വിപുലമായ പരിപാടികളോടെ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കുന്നു. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, സാംസ്കാരിക സംഘടന നേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സംരംഭക പ്രമുഖർ അതിഥികളായി സംബന്ധിക്കും. ദേശീയ കായികദിന പ്രാധാന്യം ഉൾക്കൊള്ളിച്ചും ഇന്ത്യ അറബ് ബന്ധങ്ങളെ പ്രതീകവത്കരിച്ചും ആരോഗ്യ പരിപാലനം, കായികക്ഷമത നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ വിളിച്ചോതുന്ന മാർച്ച് പാസ്റ്റിൽ വിവിധ ജില്ല കമ്മിറ്റികളുടെ കീഴിൽ പ്രവർത്തകർ അണിനിരക്കും.
വിദ്യാർഥി വിഭാഗം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട്, ത്രോ ബാൾ, ബലൂൺ ഗെയിംസ്, ടഗ് ഓഫ് വാർ, ഹുല ഹൂപ് സ്കേറ്റിങ്, മുതിർന്നവരുടെ വോളിബാൾ, വടം വലി, സ്ത്രീകളുടെ കായിക മത്സരങ്ങൾ, മെഡിക്കൽ വിങ് ഒരുക്കുന്ന ആരോഗ്യ ബോധവത്കരണ സെഷൻ, മാർഷൽ ആർട്സ് പ്രദർശനം, ഫിറ്റ്നസ് ട്രെയിനിങ് സെഷൻ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . രാവിലെ 6.30 മുതൽ ഒരു മണി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒമ്പത് മണിക്കാണ് മാർച്ച് പാസ്റ്റ്.