Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാല് പതിറ്റാണ്ടിന്റെ...

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; "ലീഗ് ഹമീദ്' നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ലീഗ് ഹമീദ് നാട്ടിലേക്ക് മടങ്ങുന്നു
cancel
camera_alt

ഹമീദ് വൈക്കിലശ്ശേരി

നാല് പതിറ്റാണ്ടോളം നീണ്ട ഖത്തർ പ്രവാസജീവിതത്തോട് വിടപറഞ്ഞ് വടകര വൈക്കിലശ്ശേരി സ്വദേശി ഹമീദ് നാട്ടിലേക്ക് മടങ്ങുന്നു. ഖത്തറിന്റെ ഇന്നലെകൾ മുതൽ ആധുനിക നഗരക്കാഴ്ചകൾ വരെ കണ്ടറിഞ്ഞ ആദ്യകാല പ്രവാസികളിലൊരാളാണ് അദ്ദേഹം. 1986 നവംബർ 27-ന് തന്റെ 22-ാം വയസ്സിൽ ഖത്തറിലെത്തിയ ഹമീദ്, 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മറ്റൊരു നവംബർ മാസത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

'1980-കളിൽ ഖത്തറിലെ ജീവിതം ഇന്നത്തേതുപോലെയായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു. തുടക്കകാലത്തെ യാത്രകൾ സൈക്കിളിലായിരുന്നു -ഹമീദ് ഓർമ്മകൾ പങ്കുവെച്ചു. അന്ന് ചുരുക്കം ചില മലയാളികൾക്ക് മാത്രമേ സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരുന്നുള്ളൂ. 2000-ത്തിന്റെ തുടക്കത്തിലാണ് ഖത്തർ വലിയൊരു മാറ്റത്തിലേക്ക് ചുവടുവെച്ചത്. ഏഷ്യൻ ഗെയിംസ്, ഫിഫ ലോകകപ്പ് തുടങ്ങിയ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ച് ഖത്തർ കൈവരിച്ച വളർച്ചയുടെ പാതകളെക്കുറിച്ചും ഹമീദിന് പറയാനേറെയുണ്ട്.

നാട്ടിലേക്കുള്ള കത്തയക്കലും പിന്നീട് ടെലിഫോൺ ബൂത്തുകളിൽ നാണയങ്ങളും കാർഡുകളും ഉപയോഗിച്ചുള്ള ഫോൺവിളികളും തുടങ്ങിയ ആശയവിനിമയ രീതികളിൽ നിന്ന് ഇന്നത്തെ ആധുനിക ഡിജിറ്റൽ ലോകത്തേക്കുള്ള മാറ്റങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു. ആദ്യ 20 വർഷത്തോളം ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പിന്നീട് കോസ്റ്റൽ ഗാർഡിലും സേവനമനുഷ്ഠിച്ചു. സഹപ്രവർത്തകരായ സുഡാനി, പാകിസ്താനി, യമനി പൗരന്മാരോടൊപ്പമുള്ള സൗഹൃദം വലിയൊരു അനുഭവസമ്പത്താണെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിലെ പ്രവാസികൾക്കിടയിൽ സാമൂഹിക -സേവന പ്രവർത്തനങ്ങളിലും കെ.എം.സി.സിയിലും സജീവമായ ഹമീദ്, പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ തന്നെ നേതൃനിരയിലുണ്ടായിരുന്നു. വടകര മണ്ഡലം കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി തുടങ്ങി കെ.എം.സി.സിയുടെ വിവിധ ഭാരവാഹിത്തങ്ങൾ ഇക്കാലയളവിൽ അദ്ദേഹം വഹിച്ചു.

സമർപ്പണബോധവും സംഘടനാ പ്രവർത്തനത്തോടുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സേവനം കാരണമാണ് സഹപ്രവർത്തകർ പേരിനൊപ്പം 'ലീഗ്' എന്ന വിശേഷണം കൂടി ചേർത്ത് സ്നേഹപൂർവം 'ലീഗ് ഹമീദ്' എന്ന് വിളിച്ചുതുടങ്ങിയത്. സംഘടനയുടെ പഴയകാല പ്രതാപത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുമ്പോൾ, സമീപകാല സംഭവങ്ങളും വിവാദങ്ങളും വലിയ തോതിൽ വിഷമമുണ്ടാക്കിയതായും ഹമീദ് തുറന്നുപറഞ്ഞു. പ്രവാസജീവിതം നൽകിയ പാഠങ്ങളും ഓർമ്മകളുമായി നാടിന്റെയും സമൂഹത്തിന്റെയും നന്മക്കായി പ്രവർത്തിക്കണമെന്ന ആഗ്രഹവുമായാണ് ഈ മടക്കം. ഭാര്യ: സഫിയ. മക്കൾ: സൽമി ഹമീദ്, മുഹമ്മദ് ഷഫീർ, മുഹമ്മദ് അഫ്നാസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Gulf Madhyamyam qatar-news league workers Vadakara pravasi returns 
News Summary - 'League Hameed' Returns Home After Four Decades of Expat Life in Qatar
Next Story