ഇന്ത്യ ഉത്സവ് ആഘോഷങ്ങളുമായി ലുലു ഗ്രൂപ്
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവ് ആഘോഷങ്ങൾ ഖത്തറിലെ ഇന്ത്യൻ അംബാസഡർ
വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് തുടക്കം. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും ഉൽപന്നങ്ങളിലെ മികവും ഖത്തറിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഭക്ഷ്യവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ലുലുവിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടുവരെ മേള നീണ്ടുനിൽക്കും.
അൽ ഗറാഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ്, ഖത്തറിലെ വിശിഷ്ടാതിഥികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് നേരിട്ട് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ 5,000ത്തിലധികം ഉൽപന്നങ്ങൾ ഫെസ്റ്റിവലിൽ ലഭ്യമാണ്. ഇന്ത്യയുടെ പ്രാദേശിക വികസനം ലക്ഷ്യമിട്ടുള്ള വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒ.ഡി.ഒ.പി) പദ്ധതിയുടെ ഭാഗമായി നൂറിലധികം പ്രത്യേക ഉൽപന്നങ്ങൾ ഇത്തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. കനൗജ് അത്തർ, സെറാമിക്സ്, ലോഹ, പിച്ചള പാത്രങ്ങൾ, കരകൗശല വസ്തുക്കൾ, ബനാറസി സിൽക്ക് സാരികൾ തുടങ്ങി ഓരോ ജില്ലയെയും പ്രതിനിധീകരിക്കുന്ന ഉൽപന്നങ്ങൾ ഒ.ഡി.ഒ.പി ശേഖരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പ്രശസ്തമായ ആറന്മുള കണ്ണാടി, മാന്നാർ പിച്ചള ഉരുളിയും ഇന്ത്യ ഉത്സവ് ഫെസ്റ്റിലെ ആകർഷണങ്ങളാണ്.
ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ പ്രശംസിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നതിൽ ലുലു വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച അദ്ദേഹം, ദേശീയ ദിനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഉത്സവ് പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സംസ്കാരം, പാരമ്പര്യങ്ങൾ, ഉൽപന്നങ്ങൾ എന്നിവ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
ലുലു ഹൈപ്പർമാർക്കറ്റുകളിൽ യു.പി.ഐ സംവിധാനം ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക സഹകരണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോഡാർ പേൾ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി.


