മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചിച്ചു
text_fieldsദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചിച്ചു. 2007 മുതൽ എട്ട് വർഷകാലത്തോളം ഖത്തർ പ്രവാസിയായിരുന്ന മുഹമ്മദ് കുട്ടി മെഹ്ഫിലുകളിലൂടെ ഏവർക്കും പ്രിയങ്കരനായിരുന്നു. പ്രശസ്തരായ ഒട്ടേറെ ഗായകർക്ക് വേണ്ടി ഹാർമോണിയം വായിച്ചും പാട്ടുകൾ കുറിച്ചും ഈണം പകർന്നും അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായിരുന്നു.
2023ൽ ഖത്തർ സന്ദർശിച്ച അദ്ദേഹം മലബാർ ക്ലബിന്റെ സ്നേഹാദരം ഏറ്റുവാങ്ങിയിരുന്നു. സംഗീതമേഖലയില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവെച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്കാരം, മലബാര്‍ മാപ്പിളകലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്കാരം, പ്രഥമ റംലബീഗം പുരസ്കാരം, അക്ബര്‍ ട്രാവല്‍സ് ഇശല്‍ കലാരത്ന പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
നജ്മ ഐബക്ക് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ എസ്.എ.എം ബഷീർ, ജി.പി. ചാലപ്പുറം, മഷൂദ് തങ്ങൾ, അൻവർ ബാബു വടകര, മുസ്തഫ ഏലത്തൂർ, റയീസ് വയനാട്, ഷെഫിർ വാടാനപ്പള്ളി, റഫീഖ് മേച്ചേരി, സലാം കൊല്ലം, സി.പി.എ. ജലീൽ, ഷെരീഫ് നിട്ടൂർ തുടങ്ങിയവർ സംസാരിച്ചു.