അവർക്കൊപ്പം അവിസ്മരണീയമായൊരു കായികദിനാഘോഷം...
text_fieldsകുട്ടികളും രക്ഷിതാക്കളും ചേർന്ന് കേക്ക് മുറിക്കുന്നു
ദോഹ: ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്താഹ് കാൽപന്തുകളിയുടെ വിശ്വമേള ലോകത്തിന് തുറന്നുകൊടുത്ത മണ്ണിൽ, ഭിന്നശേഷിക്കാരായ മക്കളെ ചേർത്തുപിടിച്ച് മലർവാടി ബാലസംഘം റയ്യാൻ സോൺ ദേശീയ കായിക ദിനം വേറിട്ട അനുഭവമാക്കി.
വിവിധ നാട്ടുകാരും വ്യത്യസ്ത പ്രായക്കാരും വിവിധങ്ങളായ ശാരീരിക ഭിന്നതകൾ അനുഭവിക്കുന്നവരുമായ കുട്ടികളാണ് എല്ലാ അവശതകളും മറന്ന് ഒത്തുചേർന്നത്. അവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒപ്പം ചേർന്നപ്പോൾ ദോഹയിലെ ലോയിഡൻസ് അക്കാദമി കാമ്പസിൽ നടന്ന പരിപാടി അവിസ്മരണീയമായി.
മലർവാടി ബാലസംഘം റയ്യാൻ സോൺ സംഘടിപ്പിച്ച ഖത്തർ ദേശീയ കായിക ദിനാഘോഷത്തിൽനിന്ന്
ഓരോ മത്സരത്തിലും പങ്കെടുക്കാൻ കുട്ടികളും അവരെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കളും ആവേശം കാണിച്ചതോടെ പരിപാടി ഹൃദയസ്പർശിയായി. ഉച്ചക്ക് രണ്ടിനു ശേഷം മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികളും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്ന് കേക്ക് മുറിച്ച് തുടക്കം കുറിച്ചു.
മേളയിലെ ആദ്യ ഇനം ഫാൻസി ഡ്രസ് മത്സരമായിരുന്നു. അസ്റ ഷാഫി ഒന്നാം സ്ഥാനവും അഫ്രാസ് ഉസ്മാൻ രണ്ടാം സ്ഥാനവും ഫസ്ന കുഞ്ഞഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളറിങ് മത്സരത്തിൽ അമിന യുംന, ശ്രിയാൻസ് ഘോഷ്, അഫ്രാസ് ഉസ്മാൻ എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടി.
മറ്റു മത്സരവിജയികൾ (ആദ്യ മൂന്നു സ്ഥാനക്കാർ):
ത്രോ ബോൾ: വേദ സ്മൃതി, ഹാസിസ്, ഫുർഖാൻ അലി.
ഷൂട്ടൗട്ട്: ഫുർഖാൻ അലി, അഫ്രാസ് ഉസ്മാൻ, മാസ് ഷാഹിദ്.
വീൽചെയർ റേസ്: അഫ്രാസ് ഉസ്മാൻ, ഫൈഹ യൂനുസ്, ജിബ്രാൻ നദീർ.
വീൽചെയർ വിത്ത് സപ്പോർട്ട്: നൈഷാന, നിയാൽ അഹ്മദ്, അമിന യുംന.
ബാൾ പാസിങ്: സൈറ ഫാത്തിമ, മുഹമ്മദ് ബിൻ ഫഹ്വാസിർ, അമിന യുംന.
ക്വിസ്: അഫ്രാസ് ഉസ്മാൻ, ജിബ്രാൻ നദീർ, ഷബീബ് സാജിദ് റഹ്മാൻ.
പസിൽസ്: യഹോർ, ഫുർഖാൻ അലി, സൈറ ഫാത്തിമ.
പാട്ട്: ലിയാന മറിയം, അമിന യുംന, വേദ സ്മൃതി.
ഭിന്നശേഷിക്കാർക്കുള്ള മത്സരങ്ങൾക്ക് സമാന്തരമായി സിബ്ലിങ്സിനുള്ള മത്സരങ്ങളും വിവിധ വേദികളിലായി നടന്നു. സമാപന സെഷനിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി റയ്യാൻ സോൺ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ കുട്ടികളുമായി സംവദിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
സമ്മാന വിതരണം
വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. പങ്കെടുത്തവരിൽനിന്ന് നറുക്കിട്ടെടുത്ത് ഒരാൾക്ക് 55 ഇഞ്ച് കളർ ടി.വി. സമ്മാനം നൽകി. സംഘാടകരുടെ സാന്നിധ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും സമ്മാന വിതരണം നിർവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ എം.എം. അബ്ദുൽ ജലീൽ സ്വാഗതവും കൺവീനർ സാജിദ് നന്ദിയും പറഞ്ഞു.