മംഗലാപുരം എഫ്.സി പ്രീമിയർ ലീഗ് ഫുട്ബാൾ സീസൺ -4 സമാപിച്ചു
text_fieldsമംഗലാപുരം എഫ്.സി പ്രീമിയർ ലീഗ് ജേതാക്കൾ
ദോഹ: മംഗലാപുരം എഫ്.സി സംഘടിപ്പിച്ച വാർഷിക ഫുട്ബാൾ പ്രീമിയർ ലീഗ് ടൂർണമെന്റ് സീസൺ 4 വിജയകരമായി സമാപിച്ചു. ദോഹയിലെ പേളിങ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ അഞ്ച് ടീമുകളാണ് മത്സരിച്ചത്.
ഹാഡോക്ക് എഫ്.സി, അജാക്സ് എഫ്.സി, സീസാര എഫ്.സി, ബി.വൈ.ബി.എഫ്.സി, ഡ്രീം വില്ല എഫ്.സി തുടങ്ങിയ ടീമുകളാണ് മാറ്റുരച്ചത്. കമ്യൂണിറ്റി അംഗങ്ങളെയും കായിക പ്രേമികളെയും ആവേശത്തിലാഴ്ത്തിയ ടൂർണമെന്റിൽ പ്രതിഭാധനരായ നിരവധി ഫുട്ബാൾ താരങ്ങൾ മാറ്റുരച്ചു.
ആവേശകരമായ ഫൈനലിൽ മികച്ച പ്രകടനത്തിലൂടെ എ.ജെ.എ.എക്സ് എഫ്.സിയെ പരാജയപ്പെടുത്തി ബി.വൈ.ബി എഫ്.സി കിരീടം നേടി.
ഉദ്ഘാടന ചടങ്ങിൽ എസ്.കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ഇമ്രാൻ ബാവ, തുളുക്കൂട്ട പ്രസിഡന്റ് സന്ദേശ്, ഒറിക്സ് എഫ്.സി കാസർകോടിന്റെ പ്രസിഡന്റ് മാക് അടൂർ, അയ്യൂബ്, കമാൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് സലീം അലി നിയന്ത്രിച്ചു. മംഗലാപുരം എഫ്.സി പ്രസിഡന്റ് ഷഹീർ സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി കായികവിനോദങ്ങളുടെ പ്രാധാന്യം പങ്കുവെച്ച അദ്ദേഹം, ഐക്യം, ടീം വർക്ക്, യുവജന വികസനം എന്നിവ വളർത്താനുള്ള ക്ലബിന്റെ ദൗത്യം വിശദീകരിക്കുകയും ചെയ്തു.


