മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാൾ ഇന്ന്
text_fieldsദോഹ: ലോകമെമ്പാടുമുള്ള എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷന്റെ പദ്ധതികൾക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മൂന്നാമത് മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാൾ ഇന്ന്. ലോകോത്തര ഫുട്ബാൾ താരങ്ങളും പ്രശസ്ത കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസർമാരും അണിനിരക്കുന്ന മാച്ചിന് രാത്രി ഏഴിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും.
ഇന്റർനാഷനൽ മീഡിയ ഓഫിസിന് കീഴിലുള്ള സാംസ്കാരിക സംരംഭമായ ക്യു ലൈഫ്, എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനുമായും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായും സഹകരിച്ചാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2026 എഡിഷൻ മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാളിൽ ടീം ചങ്ക്സും ടീം അബോ ഫല്ലയും തമ്മിലുള്ള പോരാട്ടം നടക്കും. ഈ വർഷത്തെ മത്സരത്തിൽ കെഎസ്ഐ, ബില്ലി വിങ്റോവ്, ഡാനി ആരോൺസ്, ഹാരി പിനെറോ, ലുവ ഡി പെഡ്രെയ്റോ, മാർലോൺ, ഫാനം, തിയറി ഹെൻറി, മാർസെലോ വിയേര ഡി സിൽവ ജൂനിയർ, ഡീഗോ കോസ്റ്റ എന്നീ സൂപ്പർ താരങ്ങൾ മാറ്റുരക്കും. മാച്ച് ഫോർ ഹോപ്പിനോടനുബന്ധിച്ച് ഗ്രാമി അവാർഡ് ജേതാക്കളായ ദി ചെയിൻ സ്മോക്കേഴ്സിന്റെ പ്രീ-മാച്ച് പ്രകടനം ആരാധകർക്ക് ആസ്വദിക്കാം, തുടർന്ന് ജോനാസ് ബ്രദേഴ്സ് നയിക്കുന്ന പ്രത്യേക ഹാഫ് ടൈം ഷോയും നടക്കും.
കഴിഞ്ഞ രണ്ട് സീസണുകളിൽനിന്ന് ലഭിച്ച വലിയ പിന്തുണയും ആവേശകരമായ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 71 ദശലക്ഷം ഖത്തർ റിയാലിലധികം തുകയാണ് സമാഹരിച്ചത്. ഇത് ഫലസ്തീൻ, ലബനൻ, സിറിയ, നൈജീരിയ, റുവാണ്ട, സുഡാൻ, പാകിസ്താൻ, മാലി, താൻസനിയ, സാൻസിബാർ എന്നിവിടങ്ങളിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികൾക്കായാണ് ചെലവഴിച്ചത്. ടിക്കറ്റുകൾ www.match4hope.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


