ഇനി കൂടുതൽ തണുപ്പുള്ള ദിനങ്ങൾ; ബർദ് അൽ അസ്റഖ്’ സീസണ് തുടക്കം
text_fieldsദോഹ: ശൈത്യകാലത്തെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ‘ബർദ് അൽ അസ്റഖ്’ സീസണ് ഖത്തറിൽ തുടക്കമായി. ഈ സീസൺ ജനുവരി മുഴുവൻ നീണ്ടുനിൽക്കും. ഈ മാസം അവസാനം വരെ രാജ്യം കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കും. എട്ട് ദിവസമാണ് ഈ സീസൺ നീണ്ടുനിൽക്കുകയെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജനുവരി 21 മുതൽ താപനില കുറയുമെന്നും തണുപ്പ് അനുഭവപ്പെടുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, അന്തരീക്ഷം ഈ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായും കാണപ്പെട്ടു. അറബി ഭാഷയിൽ 'നീല' എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് 'അൽ അസ്റഖ്' എന്ന പേര് വന്നത്. കഠിനമായ തണുപ്പ് കാരണം ശരീരഭാഗങ്ങളും മുഖവും നീല നിറമാകുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
ഇന്നലെ അൽ ഷഹാനിയയിൽ ഏറ്റവും കുറഞ്ഞ താപനില (13) രേഖപ്പെടുത്തി. അബൂ സംറ (14), ഷഹാനിയ (15), അൽ ഖോർ (14) തുറൈന എന്നിങ്ങനെയാണ് മറ്റുസ്ഥലങ്ങളിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തലസ്ഥാനമായ ദോഹയിൽ 18 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയും ലഭിച്ചു.


