ഒമാൻ ഇന്റർനാഷനൽ റാലിയിൽ നാസർ അൽ അതിയ്യക്ക് കിരീടം
text_fields29ാമത് ഒമാൻ ഇന്റർനാഷനൽ റാലിയിൽ ഖത്തറിന്റെ നാസർ അൽ അതിയ്യ കിരീടവുമായി
ദോഹ: ഒമാൻ ഇന്റർനാഷനൽ 29ാമത് റാലിയിൽ ഖത്തറിന്റെ നാസർ അൽ അതിയ്യക്ക് കിരീടം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ ശനിയാഴ്ചയായിരുന്നു റാലി സമാപിച്ചത്. 2026 ലെ എഫ്.ഐ.എ മിഡക്ലുസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റൗണ്ടായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. സ്പാനിഷ് നാവിഗേറ്റർ കാൻഡിഡോ കരീറക്കൊപ്പം ഗ്രാവൽ ഘട്ടങ്ങളിൽ ആധിപത്യം പുലർത്തിയ നാസർ അൽ അതിയ്യ 13ൽ 10 സ്റ്റേജുകളിലും ജയം നേടി.
ഇതോടെ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിൽ കരിയറിലെ 92ാമത്തെ വിജയം രേഖപ്പെടുത്തിയ താരം, ഒമാൻ മണ്ണിൽ ഒമ്പതാം കിരീടം എന്ന പുതിയ റെക്കോഡും സ്ഥാപിച്ചു. സൗദിയിലെ പ്രശസ്തമായ ഡാക്കർ റാലിയിൽ ആറാം കിരീടം നേടി ഒരാഴ്ചക്കുള്ളിലാണ് നാസർ അൽ അതിയ്യയുടെ ഈ നേട്ടം.
മൂന്നുദിവസം നീണ്ട മത്സരത്തിൽ, ഓട്ടോ ടെക് ടീം നിയന്ത്രിക്കുന്ന സ്കോഡ ഫാബിയ ആർ.എസ് കാറിലാണ് നാസർ അൽ അതിയ്യ മത്സരിച്ചത്. മൂന്ന് ചെറിയ ടയർ പഞ്ചറുകൾ നേരിട്ടിട്ടും വെല്ലുവിളി നിറഞ്ഞ ഗ്രാവൽ സ്റ്റേജുകൾ മറികടന്ന് രണ്ടു മിനിറ്റും 8.8 സെക്കൻഡും ലീഡോടെയാണ് അദ്ദേഹം വിജയമുറപ്പിച്ചത്. ഒമാനി താരം അബ്ദുല്ല അൽ റവാഹി, നാവിഗേറ്ററായ ജോർഡാനിയൻ താരം അത്താ അൽ ഹമൂദിനൊപ്പം ഓവറോൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി.
മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ അടുത്ത റൗണ്ടായ ഖത്തർ ഇന്റർനാഷനൽ റാലി ഫെബ്രുവരി നാലു മുതൽ ഏഴു വരെ നടക്കും.


