ദേശീയ കായിക ദിനം: സുംബ എയ്റോബിക് സെഷനുമായി സിറ്റി ജിം
text_fieldsസിറ്റി ജിം ദോഹ കോർണിഷിൽ സംഘടിപ്പിച്ച കായിക ദിന പരിപാടിയിൽനിന്ന്
ദോഹ: ദേശീയ കായികദിനത്തിന്റെ ഭാഗമായി, ഫിറ്റ്‌നസിനെ കുറിച്ചും ദൈനംദിന ജീവിതത്തിൽ അതിന്റെ പങ്കിനെ കുറിച്ചും അവബോധം വളർത്തുന്നതിനായി സിറ്റി ജിം ദോഹ കോർണിഷിൽ പൊതുജനങ്ങൾക്കായി സുംബ എയ്റോബിക് സെഷൻ സംഘടിപ്പിച്ചു. ദിനചര്യകളിൽ ചെറു വ്യായാമങ്ങൾ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി.
ഫിറ്റ്‌നസിലൂന്നിയ രസകരമായ പരിപാടിയിൽ വിവിധ പ്രായക്കാരും ജീവിതത്തിന്റെ വിവിധ തുറകളിലുമുള്ള ആളുകൾ പങ്കെടുത്തു. പൊതുജനങ്ങൾക്കൊപ്പം സിറ്റി ജിം ജീവനക്കാരും അംഗങ്ങളും രാവിലെ വാക്കത്തണിനുപിന്നാലെ ദിവസം മുഴുവൻ ദോഹ കോർണിഷിൽ ഔട്ട്ഡോർ കായിക പ്രവർത്തനങ്ങളും ഫിറ്റ്നസ് പ്രോഗ്രാമും സംഘടിപ്പിച്ചു.
കൂടുതൽ ആളുകളെ ജിം സംസ്കാരത്തിലേക്ക് പരിചയപ്പെടുത്താനും ഈ പ്രക്രിയയിൽ എല്ലാവരേയും പങ്കാളികളാക്കാനുമുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് സിറ്റി ജിമ്മിന്റെ ഡിവിഷനൽ മാനേജർ അജിത് കുമാർ പറഞ്ഞു. ഈ ആഘോഷത്തിൽ വക്ര, മൻസൂറ, നജ്മ, ബിൻ ഉംറാൻ, അബു ഹമൂർ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ സിറ്റി ജിം ജീവനക്കാരും പങ്കുചേർന്നു. തുടർച്ചയായി ആറാം തവണയാണ് സ്പോർട്സ് ഡേയോട് അനുബന്ധിച്ച് സിറ്റി ജിം പ്രോഗ്രാം സംഘടിപ്പിക്കുന്നത്.