കായികദിനം ആഘോഷിച്ച് നോർവ ഖത്തര്‍
text_fieldsനോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കായിക ദിന ആഘോഷത്തിൽ പങ്കെടുത്തവർ
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വർക്കല പ്രവാസികളുടെ കൂട്ടായ്മയായ നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കായിക ദിന ആഘോഷം’ അബു ഹമൂറിലെ ഫലസ്തീൻ സ്കൂളിൽ നടന്നു. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം സജീവ് സത്യശീലൻ, നോർവ ഖത്തർ മുൻ പ്രസിഡന്റുമാരായ ദിലീപ് കുമാർ, സഫീർ മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. മാരത്തൺ താരം ഷകീർ ചെറായിയെ മെമെന്റോ നൽകി ആദരിച്ചു.
ഉച്ചക്ക് രണ്ടു മുതൽ എട്ടു വരെ നടന്ന വിവിധ കായിക മത്സരങ്ങളിൽ പ്രായഭേദമന്യേ നിരവധിപേർ പങ്കെടുത്തു. നാലു ടീമുകളായി നടന്ന ബാസ്കറ്റ് ബാൾ, ബൗളിങ്, ഫുട്ബാൾ ഷൂട്ടൗട്ട്, ഓട്ടം, പുഷ്അപ് ചലഞ്ച്, വടംവലി, ചെസ്, കാരംസ് തുടങ്ങിയ കായിക മത്സരങ്ങൾക്ക് ഷാൻ ഷറഫ്, സാബിൻ, ശാരിക, സിജി ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
ഓവറോൾ ചാമ്പ്യന്മാരായ ടീമുകൾക്കുള്ള മെഡലുകളും ട്രോഫിയും നോർവ ഖത്തർ പ്രസിഡന്റ് നിഖിൽ ശശിധരൻ, ജനറൽ സെക്രട്ടറി സിമിൻ ചന്ദ്രൻ, ട്രഷറർ സൗമ്യ അജി എന്നിവർ ചേർന്ന് സമ്മാനിച്ചു. നോർവ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് ജി. നായർ, അജി മോനി, ശിവൻ കോവൂർ, താഹ കാട്ടിൽ, അഡ്വൈസറി ബോർഡ് അംഗം സുലൈമാൻ അഷറഫ് എന്നിവരും സമ്മാനവിതരണം നിർവഹിച്ചു.