Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓർമ്മകളുടെ ഓണനിലാവ്

ഓർമ്മകളുടെ ഓണനിലാവ്

text_fields
bookmark_border
ഓർമ്മകളുടെ ഓണനിലാവ്
cancel
camera_alt

സഫ്‌വാൻ അഹ്‌മദ്‌ 

ഓണം അടുത്തെത്തുമ്പോൾ ലോകത്തിന്റെ ഏത് കോണിലായാലും മലയാളിയുടെ മനസ്സ് ആദ്യം എത്തിച്ചേരുന്നത് സ്വന്തം വീട്ടുമുറ്റത്താണ്. മണ്ണിൽ വിരിഞ്ഞ പൂക്കളത്തിന്റെ സുഗന്ധവും, അടുക്കളയിൽ നിന്ന് ഉയരുന്ന ഓണസദ്യയുടെ മണവും, പുതിയ ഓണക്കോടിയുടെ മടക്കുകളും, ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളും എല്ലാം ഒരുനിമിഷം കൊണ്ട് മനസ്സിലേക്ക് ഒഴുകിയെത്തും. പക്ഷേ കണ്ണുതുറക്കുമ്പോൾ മുന്നിൽ കാണുന്നത് വിദേശരാജ്യത്തിന്റെ തിരക്കേറിയ തെരുവുകളും ഉയരമുള്ള കെട്ടിടങ്ങളുമാണ്. അപ്പോഴാണ് യാഥാർഥ്യം നെഞ്ചിൽ ഒരു നിശ്ശബ്ദ വേദനയായി ഇറങ്ങിവരുന്നത്.

ഓണം വീട്ടിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. പുലർച്ചെ എഴുന്നേറ്റ് മുറ്റത്ത് പൂക്കളം ഒരുക്കാൻ സഹോദരങ്ങളുമായി നടത്തിയ തർക്കങ്ങൾ, അമ്മയുടെ അടുക്കളയിലെ തിരക്ക്, അച്ഛന്റെ മുഖത്തെ സന്തോഷം, ബന്ധുക്കളുടെ ചിരികൾ അവയൊക്കെയായിരുന്നു ഓണത്തിന്റെ യഥാർത്ഥ നിറങ്ങൾ. ഇന്ന് അവയെല്ലാം ഓർമ്മകളുടെ ആൽബത്തിൽ സൂക്ഷിച്ച ചിത്രങ്ങൾ പോലെ അവശേഷിക്കുന്നു.

പ്രവാസജീവിതം മനുഷ്യന് സാമ്പത്തിക സുരക്ഷ നൽകിയേക്കാം. എന്നാൽ ചില ദിവസങ്ങൾ പണത്തിന് വാങ്ങാൻ കഴിയാത്തവയാണ്. ഓണം അത്തരമൊരു ദിവസമാണ്. എത്ര വലിയ ശമ്പളമുണ്ടായാലും, എത്ര ആഡംബര ജീവിതമായാലും, അമ്മയുടെ കൈകൊണ്ട് വിളമ്പിയ ഒരു ഉരുളൻ കിഴങ്ങ് കറിയുടെയും, സ്വന്തം വീട്ടിലെ സ്നേഹത്തിന്റെയും വില അതിനെക്കാൾ വലുതാണെന്ന് പ്രവാസി മനസ്സിലാക്കുന്നത് ഓണക്കാലത്താണ്.

ഓണദിവസം രാവിലെ നാട്ടിലേക്ക് വിളിക്കുമ്പോൾ ഫോൺ സ്ക്രീനിൽ അമ്മയുടെ പുഞ്ചിരി തെളിയും. സദ്യ കഴിച്ചോ മോനെ? ആ ചോദ്യം കേൾക്കുമ്പോൾ പിടിച്ചുവെച്ച കണ്ണുനീർ പലരുടെയും മനസ്സിൽ നിറയും. വിഡിയോ കോളിലൂടെ പൂക്കളം കാണിച്ചുതരുന്ന കുട്ടികളും, അടുത്ത ഓണത്തിന് നീ വരുമല്ലേ? എന്ന് ചോദിക്കുന്ന മാതാപിതാക്കളും പ്രവാസിയുടെ മനസ്സിൽ മായാത്ത മുറിവുകൾ തീർക്കുന്നു. ഓരോ ഓണവും കലണ്ടറിലെ ഒരു തീയതി മാത്രമല്ല, നഷ്ടപ്പെട്ട നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.....

എങ്കിലും പ്രവാസിയുടെ ഓണാഘോഷങ്ങൾക്ക് പൊലിവ് ഒട്ടും കുറവല്ല. ജോലി കഴിഞ്ഞ് രാത്രിവരെ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓണാഘോഷങ്ങൾ തകൃതിയായിരിക്കും. ചെറിയൊരു ഹാളിൽ പൂക്കളം വിരിയുന്നു. തിരുവാതിരയും പുലികളിയും പാട്ടുകളും ചിരികളും കൊണ്ട് പ്രവാസമണ്ണിൽ ഒരു കൊച്ചുകേരളം പിറക്കുന്നു.

പ്രവാസത്തിലെ ഓണം മറ്റൊരു വലിയ സത്യവും പറയുന്നുണ്ട്. രക്തബന്ധങ്ങളേക്കാൾ ചിലപ്പോൾ സൗഹൃദങ്ങൾ വലുതാകുന്ന നിമിഷങ്ങളുണ്ട്, കുടുംബം ഒപ്പമില്ലാത്തവർക്ക് സുഹൃത്തുക്കൾ കുടുംബമാകുന്നു. ഒരുമിച്ച് പാചകം ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു, സന്തോഷം പങ്കിടുന്നു... ആരും ഒറ്റപ്പെടാതിരിക്കാൻ എല്ലാവരും പരസ്പരം ചേർത്ത് പിടിക്കുന്നു. ആ സ്നേഹമാണ് പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത്.പക്ഷേ ആഘോഷം അവസാനിച്ച് എല്ലാവരും താമസസ്ഥലങ്ങളിലേക്ക് മടങ്ങുമ്പോൾ വീണ്ടും നിശ്ശബ്ദത മാത്രം ബാക്കി. പൂക്കളം വാടുന്നു. ഓണക്കോടി മടക്കി അലമാരയിൽ വയ്ക്കുന്നു. നാട്ടിൽ നിന്നയച്ച ചിത്രങ്ങൾ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് അടുത്ത ഓണത്തിന് എങ്ങനെയെങ്കിലും വീട്ടിലെത്താമെന്ന പ്രതീക്ഷയോടെ ഓരോ പ്രവാസിയും മറ്റൊരു വർഷത്തെ കാത്തിരിപ്പ് ആരംഭിക്കുന്നു.

പ്രവാസിയുടെ ഓണം ചിരിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന നൊമ്പരത്തിന്റെ കഥയാണ്. ദൂരങ്ങൾ ശരീരങ്ങളെ അകറ്റിയാലും ഹൃദയങ്ങളെ അകറ്റാൻ കഴിയില്ലെന്ന സത്യത്തിന്റെ തെളിവാണ്. ഓരോ ഓണവും മലയാളിയെ തന്റെ വേരുകളിലേക്ക് വിളിച്ചുണർത്തുന്നു. അതുകൊണ്ടാണ് ആയിരം കിലോമീറ്റർ അകലെയിരുന്നാലും ഓരോ പ്രവാസിയും മനസ്സിൽ ഒരു പൂക്കളം വിരിച്ച് മഹാബലിയെ വരവേൽക്കുന്നത്.

Show Full Article
TAGS:onam Memories gulf qatar​ malayali 
News Summary - Onam moon of memories
Next Story