Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊന്നോണവും സുഹൈൽ...

പൊന്നോണവും സുഹൈൽ നക്ഷത്രോദയവും: പ്രവാസി മലയാളിക്കിത് സന്തോഷക്കാലം

text_fields
bookmark_border
പൊന്നോണവും സുഹൈൽ നക്ഷത്രോദയവും: പ്രവാസി മലയാളിക്കിത് സന്തോഷക്കാലം
cancel

പൂക്കളവും പൂവിളിയും ഓണപ്പാട്ടുകളുമായി പ്രവാസി മനസ്സുകളിൽ വീണ്ടുമൊരു ഓണക്കാലം വിരുന്നെത്തുകയാണ്. ജാതി -മത വിത്യാസമില്ലാതെ ലോകത്തെവിടെ ആയിരുന്നാലും മലയാളി ഒന്നിച്ചിരുന്നു ഓണം ആഘോഷിക്കുന്നു. എന്നാൽ ഗൾഫ് നാടുകളിലെ പ്രവാസി മലയാളിക്കിത് സന്തോഷത്തിന്റെ ഇരട്ടി മധുരം സമ്മാനിക്കുന്ന ‍കാലമാണ്. ഈ പുത്തൻ പ്രതീക്ഷകളും കാലാവസ്ഥാ മാറ്റങ്ങളും ആഘോഷത്തിന്റെ ദിനങ്ങളും കേരളത്തിൽ മാത്രമല്ല, ഗൾഫ് നാടുകളിലും ഒന്നിച്ചെത്തുന്നു എന്നതാണ് സവിശേഷമായ കാര്യം.

വറുതിയുടെ കർക്കടകം കഴിഞ്ഞ് ചിങ്ങമാസത്തിൽ പൊന്നോണം ആഘോഷിക്കുമ്പോൾ, അറബ് നാടുകളിൽ സഹിക്കാനാവാത്ത വേനൽച്ചൂടിന് ശമനമേകി സുഹൈൽ നക്ഷത്രം ഉദിക്കുന്നു എന്നത് ഏറെ കൗതുകകരമായ ഒത്തുചേരലാണ്.

പ്രവാസി മലയാളികൾ അടക്കം ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും താമസക്കാരും സുഹൈൽ നക്ഷത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നീണ്ട ഈ ചർച്ചകൾ ചിരിപടർത്തി. രസകരമായ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചും ട്രോളുകളായും കമന്റുകളായും ചർച്ചകൾ പൊടിപൊടിച്ചു. മറുവശത്ത് പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളും തകൃതിയായി നടന്നു. പൊന്നോണവും സുഹൈൽ നക്ഷത്രത്തിന്റെ ഉദയവും ഒന്നിച്ചെത്തുമ്പോൾ പ്രവാസികൾ ഏറെ സന്തോഷത്തിലാണ്.

വറുതിയുടെ കർക്കടകം കഴിഞ്ഞ് ചിങ്ങത്തിലെ ഓണാഘോഷം മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണെങ്കിൽ, ഗൾഫ് മേഖലയിൽ സുഹൈൽ നക്ഷത്രത്തിന്റെ ഉദയം പ്രകൃതിയിലെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഇത് ഒരു വിശ്വാസത്തിന്റെയോ ആഘോഷത്തിന്റെയോ ഭാഗമല്ല; മറിച്ച്, മരുഭൂമിയിലെ കഠിനമായ ചൂടുകാലത്തിന് അവസാനമാകുന്നു എന്നതിന്റെ പ്രഖ്യാപനമാണ്.

ഇതോടൊപ്പം കാർഷിക സമൃദ്ധി വിളിച്ചോതുന്നതാണ് ഓണാഘോഷവും സുഹൈൽ നക്ഷത്രത്തിന്റെ ഉദയവും എന്ന സവിശേഷതയുമുണ്ട്.കൊയ്തെടുത്ത വിളവുകളുടെ സന്തോഷം പ്രകൃതിയോടൊപ്പം പങ്കുവെക്കുന്ന കാലമാണ് മലയാളിക്ക് ഓണം. ഏപ്രിൽ മുതൽ ആരംഭിക്കുന്ന വിരിപ്പുകൃഷിയുടെ വിളവെടുപ്പ് കാലം തുടങ്ങുന്നത് ചിങ്ങത്തിലാണ്. പാടങ്ങളിൽ പൊൻകതിരുകൾ വിളഞ്ഞുനിൽക്കുന്ന ഈ സമയത്ത് പത്തായങ്ങൾ ധാന്യങ്ങൾ കൊണ്ട് നിറയുന്നു. ഓണക്കാലത്തെ കൊയ്ത്തിന് ശേഷം, രണ്ടാം മൺസൂണിനെ അടിസ്ഥാനമാക്കിയുള്ള മുണ്ടകൻ കൃഷിക്കായി വിത്തിടുന്നത് ഓണം കഴിയുന്നതോടെയാണ്.

അതേസമയം, ഗൾഫിൽ ഈത്തപ്പഴ വിളവെടുപ്പിന്റെ (റുതബ്) അവസാന ഘട്ടവുമെത്തുന്നത് സുഹൈൽ നക്ഷത്രത്തിന്റെ സമയത്താണ്. പഴുത്തുപാകമായ ഈത്തപ്പഴങ്ങൾ ശേഖരിച്ച് വരാനിരിക്കുന്ന തണുപ്പുകാലത്തേക്ക് കരുതുന്നതും, പുതിയ കൃഷികൾ ആരംഭിക്കുന്നതും ഈ സമയത്താണ്. സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ട് ഏകദേശം 70 -80 ദിവസങ്ങൾക്ക് ശേഷമാണ് ഒട്ടകങ്ങളെ മേയ്ക്കുന്നതിന് അനുയോജ്യമായ സമയം ആരംഭിക്കുന്നത്.

ഖത്തറിലെ പൂർവ്വികരായ കർഷകർ, മരുഭൂമിയിൽ ജീവിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, മുത്തുവാരൽ തൊഴിലാളികൾ തുടങ്ങിയവർ തങ്ങളുടെ ദൈനദിന പ്രവർത്തനങ്ങൾ സുഹൈലിന്റെ ഉദയത്തിന് അനുസരിച്ചാണ് ക്രമീകരിച്ചിരുന്നത്.

ഒരു വശത്ത് നാടിന്റെ ഓർമകളുണർത്തുന്ന പൊന്നോണം, മറുവശത്ത് കനത്ത വേനൽ മാറിയെത്തുന്ന തണുപ്പുകാലത്തിന്റെ സന്തോഷം - പ്രവാസി മലയാളിക്ക് ഇനി സന്തോഷത്തിന്റെയും പുത്തൻ പ്രതീക്ഷകളുടെയും നാളുകളാണ്.

Show Full Article
TAGS:gulfnews gulfnewsmalayalam qatar​ 
News Summary - Ponnonam and Suhail Nakshatrarodaya
Next Story