ഖത്തർ എയർവേസ് പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
text_fieldsദോഹ: ദോഹയിൽനിന്ന് 120ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവിസുകളുമായി ഖത്തർ എയർവേസ് പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. മേയ് പകുതിയോടെ ഘട്ടംഘട്ടമായി വർധനവ് ലക്ഷ്യമിട്ടാണ് സർവിസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സിവിൽ ഏവിയേഷന്റെ അതോറിറ്റിയുടെ അനുമതി പ്രകാരം പ്രത്യേക എയർ കൊറിഡോർ വഴിയാണ് നിലവിൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. വ്യോമപാത പൂർണമായി തുറന്നാൽ മാത്രമേ ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ നിലയിലുള്ള സർവിസുകൾ പുനരാരംഭിക്കു.
മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വ്യോമാതിർത്തി അടച്ചതിനാൽ സുരക്ഷയോ, നിയന്ത്രണപരമോ, അല്ലെങ്കിൽ മറ്റു സാഹചര്യങ്ങളോ കാരണം വിമാന ഷെഡ്യൂളുകൾ മാറ്റത്തിനോ റദ്ദാക്കലിനോ വിധേയമാണെന്നും അറിയിപ്പിൽ വിശദീകരിച്ചു. പുതിയ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനത്തിൽ ടിക്കെറ്റെടുത്ത യാത്രക്കാരെ പുതിയ ഫ്ലൈറ്റ് വിവരങ്ങൾ സംബന്ധിച്ച് ബന്ധപ്പെടുന്നതാണ്.
അതിനാൽ, സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് പോകേണ്ടതുള്ളൂ. പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതിന് യാത്രക്കാർ അവരുടെ വിവരങ്ങൾ വെബ്സൈറ്റിലോ ആപ്പിലോ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.


