ഖത്തർ ബോട്ട് ഷോ ടിക്കറ്റ് വിൽപന ആരംഭിച്ചു
text_fieldsഖത്തർ ബോട്ട് ഷോ
ദോഹ: ഏറെ ജനശ്രദ്ധ നേടിയ ഖത്തർ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് ഖത്തർ ബോട്ട് ഷോ അരങ്ങേറുന്നത്.
സന്ദർശകർക്ക് ഒരു ദിവസത്തെ ടിക്കറ്റോ, നാല് ദിവസത്തേക്കുള്ള പാസോ സ്വന്തമാക്കാം. മികച്ച അനുഭവത്തിനായി ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്. ഒരു ദിവസത്തെ ടിക്കറ്റിന് 50 റിയാലാണ് വില. നവംബർ അഞ്ചു മുതൽ എട്ടുവരെയുള്ള എല്ലാ ദിവസത്തെയും പാസിന് 160 റിയാലാണ് വില. ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് ഓൾഡ് ദോഹ പോർട്ടിൽ പ്രഥമ ബോട്ട് ഷോ 2024ൽ അരങ്ങേറിയത്. ലോകമെങ്ങുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിച്ച വേദിയായിരുന്നു പ്രഥമ ബോട്ട് ഷോ.
സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമ്മദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തവണത്തെ ബോട്ട് ഷോയിക്ക് സജ്ജയിരിക്കുന്നത്. കരകൗശല വൈവിധ്യവും അഭൂതപൂർവമായ രാജകീയ പ്രൗഢിയുമുള്ള ബോട്ടുകളുമായി ഓഷ്യാനിക് ഡിസ്പ്ലേ, വാട്ടർ സ്പോർട്സ് മേഖലയിൽ 100ലേറെ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ഖത്തർ ബോട്ട് ഷോ മത്സരം, ജലധാര, ലൈവ് മ്യൂസിക്, കാർ പരേഡ്, കുതിരകളുടെ പ്രദർശനം, ഡ്രാഗൻ ബോട്ട് ഷോ തുടങ്ങിയ പരിപാടികളും ബോട്ട് ഷോയിൽ അരങ്ങേറും.