ഖത്തർ അമീർ -യു.എ.ഇ പ്രസിഡന്റ് കൂടിക്കാഴ്ച
text_fieldsഅബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ
സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും അതിന്റെ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളും നേതാക്കൾ ചര്ച്ച ചെയ്തു.
പ്രത്യേകിച്ച് സമുദ്രഗതാഗത സുരക്ഷക്കും ആഗോള സമ്പദ്വ്യവസ്ഥക്കുമുണ്ടാക്കുന്ന ആഘാതങ്ങൾ നേതാക്കൾ പങ്കുവെച്ചു. യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണ പൗരന്മാരെയും സിവിൽ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഇറാന്റെ ഭീകരാക്രമണങ്ങൾ, ഇരുരാജ്യങ്ങളും സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനായി സ്വീകരിക്കുന്ന നടപടികളും ചർച്ചയിൽ കടന്നുവന്നു.
ഇരുരാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾക്കും ജനങ്ങളുടെ നന്മക്കും ഗുണകരമാകുന്ന രീതിയിൽ, യു.എ.ഇ -ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള വഴികളും നേതാക്കൾ പങ്കുവെച്ചു.
കൂടിക്കാഴ്ചയിൽ, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യു.എ.ഇയുടെ ഭാഗത്തുനിന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.


