ഖത്തർ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsഖത്തർ പ്രവാസി സാഹിത്യോത്സവിലെ വിജയികൾ അവാർഡ് ഏറ്റുവാങ്ങുന്നു
ദുഹൈൽ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 15ാമത് ഖത്തർ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് കോളജ് ഡീനും ഇബ്ന് ഖൽദൂൻ യൂനിവേഴ്സിറ്റി സ്ഥാപകനുമായ ഡോ. റെജബ് സെന്തൂർക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ചിന്താധാരയെ മൂല്യരഹിത ദിശകളിലേക്ക് വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വിവിധ ആശയപ്രചാരണ പ്രവണതകളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിദ്യാർഥി ജീവിതം അറിവ് സമ്പാദനത്തിനും ആത്മീയ –ബൗദ്ധിക വളർച്ചക്കുമായി ഏറ്റവും ഫലപ്രദമായി വിനിയോഗിക്കേണ്ട ഘട്ടമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ദുഹൈലിലെ യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദോഹയിലെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആറ് സോണുകളിൽ നിന്നും വിജയിച്ച പ്രതിഭകളും 14 കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികളും മാറ്റുരച്ച സാഹിത്യോത്സവിൽ ഐൻ ഖാലിദ് സോണും എം.ഇ.എസ് ഇന്ത്യൻ സ്കൂളും ജേതാക്കളായി. മുഹമ്മദ് ബിൻ മുജീബ് കലാപ്രതിഭയും അഷ്കർ സഖാഫി സർഗ പ്രതിഭയുമായി.
പരിപാടിയിൽ ആർ.എസ്.സി ഖത്തർ സെക്രട്ടറി സിനാൻ സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.എഫ് ഇന്റർനാഷനൽ ഭാരവാഹിയായ പറവണ്ണ അബ്ദുൽ റസാഖ് ഉസ്താദ്, ഐ.സി.എഫ് ഖത്തർ പ്രസിഡന്റ് അഹമ്മദ് സഖാഫി, ആർ.എസ്.സി ഗ്ലോബൽ ജനറൽ സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സലീം കുറുകത്താണി സ്വാഗതവും ആസിഫ് അലി കൊച്ചന്നൂർ നന്ദിയും പറഞ്ഞു.


