ഖത്തർ പ്രവാസികൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; എംബസി അപെക്സ് സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 31ന്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസി അനുബന്ധ സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് എംബസി നോട്ടീസ് പുറത്തിറക്കി. 2025 ജനുവരി 31ന് ഒൺലൈൻ വഴിയാണ് തെരഞ്ഞെടുപ്പ്. അതേ ദിവസം ആറുമണിക്കു ശേഷം ഫലം പ്രഖ്യാപിക്കും.
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 വൈകീട്ട് അഞ്ചു മണിയായിരിക്കും. തുടർന്ന് ജനുവരി 18ന് അഞ്ചു മണിക്ക് മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാർഥികളുടെ പേര് എംബസി പ്രസിദ്ധീകരിക്കും. ജനുവരി 23ന് അഞ്ചുമണിവരെ പത്രിക പിൻവലിക്കാനുള്ള അവസരമാണ്. ജനുവരി 24 വൈകീട്ട് അഞ്ചു മണിയോടെ മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക എംബസി പ്രസിദ്ധീകരിക്കും
ഇന്ത്യൻ എംബസി സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്‍റർ (ഐ.സി.സി), ജീവകാരുണ്യ-സാമൂഹികക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്), കായിക വിഭാഗമായ ഇന്ത്യൻ സ്പോർട്സ് സെന്‍റർ (ഐ.എസ്.സി) എന്നിവയുടെ പ്രസിഡന്‍റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ എ.പി. മണികണ്ഠൻ (ഐ.സി.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), ഇ.പി അബ്ദുൽറഹ്മാൻ (ഐ.എസ്.സി) എന്നിവരാണ് പ്രസിഡന്‍റുമാർ.