കൗമാര ഫുട്ബാൾ ആരവത്തിലേക്ക് ഖത്തർ
text_fieldsദോഹ: നവംബർ -ഡിസംബർ മാസങ്ങളിലായി ദോഹയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് കൗമാര ഫുട്ബാൾ മാമാങ്കത്തിന്റെ ആരവത്തിന് കൊടിയേറി. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്.
ലോക കൗമാര ഫുട്ബാൾ ശക്തികളായ അർജന്റീന, ഇറ്റലി, ബ്രസീൽ, മൊറോക്കോ, ജപ്പാൻ തുടങ്ങിയ ടീമുകൾ വീണ്ടും ദോഹയിലേക്ക് എത്തുമ്പോൾ ടൂർണമെന്റിന് ആവേശം വാനോളമുയരും. കഴിഞ്ഞ വർഷം തുടക്കം കുറിച്ച 48 ടീമുകളുടെ ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക.യോഗ്യത നേടിയ രാജ്യങ്ങളെ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.
ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലാണ് മാറ്റുരക്കുന്നത്. പനാമ, ഈജിപ്ത്, ഗ്രീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ. മൊണ്ടിനെഗ്രോ, ഗ്രീസ്, റൊമാനിയ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ അണ്ടർ 17 ലോകകപ്പ് അരങ്ങേറ്റത്തിനും ഇത്തവണ ഖത്തർ സാക്ഷിയാകും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 48 ടീമുകളിൽ 46 ടീമുകളെയും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായുള്ള ആഫ്രിക്കൻ പ്ലേ ഓഫ് മത്സരങ്ങൾ (എത്യോപ്യ -മൊസാംബിക്ക്, ഉഗാണ്ട -ഘാന) മെയ് 23ന് മൊറോക്കോയിൽ സമാപിക്കുന്നതോടെ അന്തിമ ലൈനപ്പ് പൂർത്തിയാകും.
2025 മുതൽ 2029 വരെയുള്ള തുടർച്ചയായ അഞ്ച് അണ്ടർ 17 ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റ് സംഘാടനത്തിലെ മികവ് ഈ വർഷവും ആവർത്തിക്കുമെന്നും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു. ഹംസ അബ്ദുൽ കരീം, മാത്യൂസ് മിഡെ, അനിസിയോ കബ്രാൾ, സാമുവൽ ഇനാസിയോ തുടങ്ങിയ വളർന്നുവരുന്ന താരങ്ങൾക്ക് 2025ലെ ഫിഫ അണ്ടർ 17 ലോകകപ്പ് മികച്ച വേദിയൊരുക്കി.
കഴിഞ്ഞ വർഷം 1,008 യുവതാരങ്ങളെ അണിനിരത്തി ആദ്യമായി 48 ടീമുകൾ പങ്കെടുത്ത ഫിഫ ടൂർണമെന്റ് നടത്തി ഖത്തർ ചരിത്രം കുറിച്ചിരുന്നു. ആസ്പയർ സോണിലെ എട്ട് പിച്ചുകളിലായി നടന്ന 104 മത്സരങ്ങൾ കാണാൻ 1,97,000-ത്തിലധികം ഫുട്ബാൾ ആരാധകരാണ് എത്തിയത്. പ്രമുഖ ക്ലബുകളിൽ നിന്നുള്ള 130ഓളം സ്കൗട്ടുകളും ഭാവി താരങ്ങളുടെ കളി വിലയിരുത്താൻ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കളിക്കാർക്കും ആരാധകർക്കും മികച്ചൊരു അനുഭവം സമ്മാനിക്കാൻ ഖത്തർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


