ഈസക്ക സ്നേഹഗാനം നിലച്ചു
text_fieldsഇ.ടി. മുഹമ്മദ് ബഷീർ എം.പിയും മുഹമ്മദ് ഈസയും
ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ഈസക്കയെന്നാൽ കെ.എം.സി.സിയും കാൽപന്തുകളിയും പിന്നെ മാപ്പിളപ്പാട്ടുമാണ്. ഇവ മൂന്നിനൊപ്പം കരുണ ചൊരിയുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയാവുന്നതോടെ ഈസക്ക പൂർണമാകും. 49 വർഷം നീണ്ട പ്രവാസംകൊണ്ട് ആയിരങ്ങളുടെ കണ്ണീരൊപ്പിയ സേവനങ്ങളുമായി സാധാരണക്കാരുടെ ഹൃദയത്തിലിടം നേടിയ മനുഷ്യൻ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയതിന്റെ വേദനയുമായാണ് ഖത്തറിലെ പ്രവാസലോകത്തിന് ബുധനാഴ്ച പുലർന്നത്.
ഖത്തറിലെ ഓരോ മലയാളിക്കും ഈസക്കയുമായുള്ള ഓർമകൾ ഒരു നൂറുകൂട്ടമുണ്ട്. സാംസ്കാരിക പ്രവർത്തകരും കായിക സംഘാടകരും കളിക്കാരും പാട്ടുകാരും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ എല്ലാവരിലുമുണ്ട് ഈസക്കയുടെ കഥകൾ.
ദോഹയിൽ നടന്ന ഗാനസന്ധ്യയിൽ ഗായിക വാണി ജയറാം മുഹമ്മദ് ഈസയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
ഇന്നലെ പുലർച്ചെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ഓർമക്കുറിപ്പുകളും, ഹമദ് ആശുപത്രി മോർച്ചറിയിലേക്ക് ഓടിയെത്തിയ ആയിരങ്ങളും അതിന്റെ സാക്ഷ്യമായിരുന്നു. ഖത്തറിലുണ്ടായ അപകടത്തിൽ തന്റെ രണ്ടു ജീവനക്കാർ മരിച്ചപ്പോൾ വർഷങ്ങളായി അവരുടെ ശമ്പളം മുടങ്ങാതെ കുടുംബത്തിലെത്തിച്ച് അവരെ ചേർത്തുപിടിച്ച നന്മമനുഷ്യൻ. സഹായം തേടിയെത്തിവരെ ആരുമറിയാതെ സഹായിച്ചും, ജോലി നൽകിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി.
ഫുട്ബാളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചേറ്റിയ അദ്ദേഹം കളിക്കാരെയും പാട്ടുകാരെയും സ്വന്തക്കാരെന്നപോലെ പരിഗണിച്ചു. സ്വന്തം സ്ഥാപനത്തിന്റെ പേരിൽ ഗായകരെ ദോഹയിലെത്തിച്ച് ‘ഇശൽ സന്ധ്യ’കൾ ഒരുക്കിയപ്പോൾ അതുമൊരു ജീവകാരുണ്യ പ്രവർത്തനമായി മാറുകയായിരുന്നു.
സാമ്പത്തിക പ്രയാസങ്ങൾ നേരിട്ട പാട്ടുകാരെയും പാട്ടെഴുത്തുകാരെയും സ്വന്തമെന്ന പോലെ പരിഗണിച്ച് കൈയയച്ചു സഹായിച്ചു. അവശതയനുഭവിക്കുന്ന കലാകാരന്മാരെയും അവരുടെ കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈസക്ക സംഘടിപ്പിച്ച പ്രോഗ്രാമുകൾക്ക് കണക്കില്ലെന്ന് ആദ്യകാല പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പാട്ടുകാരെയും പാട്ടിനെയും നെഞ്ചേറ്റുന്നതിനൊപ്പം നല്ല പാട്ടുകാരനായും അദ്ദേഹം അറിയപ്പെട്ടു. പഴയകാല കാസറ്റുകൾ പാടിയിറക്കിയും ഖത്തറിലെ വേദികളിൽ പ്രമുഖ ഗായകർക്കൊപ്പം പാടിയും അദ്ദേഹം ജീവിതവും സംഗീതസാന്ദ്രമാക്കി.
ഫുട്ബാളായിരുന്നു മറ്റൊരു വികാരം. ഖത്തറിലെ മലയാളികൾക്ക് സ്വന്തമായൊരു ഫുട്ബാൾ ടൂർണമെന്റ് എന്ന ചിന്തയിൽനിന്ന് ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (ഖിഫ്) സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ജന്മംനൽകി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലിരുന്ന് ‘ഖിഫി’നെ ജനകീയമേളയാക്കി മാറ്റിയ ഈസക്ക സ്വന്തം ടീമിനെ ഇറക്കി കപ്പുകളും സ്വന്തമാക്കി.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ടൂർണമെന്റിൽ മലപ്പുറം ജില്ല കെ.എം.സി.സിയെന്ന പേരിൽ സ്വന്തം ടീമിനെ ഇറക്കി കിരീടം ജയിച്ചപ്പോൾ കുമ്മായവരക്കിപ്പുറത്തുനിന്ന് പരിശീലകനെ പോലെ അദ്ദേഹം തുള്ളിച്ചാടി ആഘോഷിച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ കെ. മുഹമ്മദ് ഈസക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉപഹാരം സമ്മാനിക്കുന്നു (ഫയൽ ചിത്രം)
നാട്ടിലും പ്രവാസത്തിലുമായി ചെറുതും വലുതുമായ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. വടകര തണൽ, കേരളത്തിലെ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾ, കോഴിക്കോട് പൂനൂരിലെ കാരുണ്യ തീരം, ബൈത്തുറഹ്മ ഭവന പദ്ധതികൾ അങ്ങനെ എണ്ണമറ്റ ജീവകാരുണ്യ -സാമൂഹിക സേവന മേഖലകളിൽ ഈസക്കയുടെ കരസ്പർശമുണ്ട്.
കപ്പൽ കയറി തുടങ്ങിയ പ്രവാസം; ഒടുവിൽ ഈ മണ്ണിൽതന്നെ
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കുഞ്ഞുമരക്കാർ, മൂന്നിയൂർ മറിയം ബീവി എന്നിവരുടെ രണ്ടാമത്തെ മകനായി 1955 ഫെബ്രുവരിയിലായിരുന്നു ഈസക്കയുടെ ജനനം. മദ്രാസിലെ അറിയപ്പെടുന്ന വ്യാപാരികളായിരുന്നു ബന്ധുക്കൾ. പിതാവിന് പൊള്ളാച്ചിയിൽ ബേക്കറി വ്യാപാരം.
പൊള്ളാച്ചി ഗവ. ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, മദ്രാസ് യൂനിവേഴ്സിറ്റിക്കു കീഴിലെ എൻ.ജി.എം കോളജിൽനിന്ന് ബിരുദവും നേടിയ ഈസയെ സർക്കാർ ജോലിയിൽ എത്തിക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. പക്ഷേ, ബേക്കറി ബിസിനസ് തകർന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൗമാരക്കാരനായ ഈസയിലായി.
അങ്ങനെയാണ്, ബോംബെയിലെത്തി ഖത്തറിലേക്ക് വിസക്കായി കാത്തിരിക്കുന്നത്. ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്ക് അവസരമെത്തി.
ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള 300ഓളം തൊഴിലാളികളുടെ ചുമതലയുമായി ഖത്തറിലേക്ക് കപ്പൽ കയറുമ്പോൾ 19 വയസ്സായിരുന്നു. രണ്ടു മാസത്തെ സ്റ്റേഡിയം ജോലികൾക്കുശേഷം മുനിസിപ്പാലിറ്റിക്കു കീഴിൽ ജോലിയിൽ പ്രവേശിച്ചു.
സ്റ്റേഡിയം ക്ലീനിങ് തൊഴിലാളികളുടെ സൂപ്പർവൈസർ ജോലിയിലായിരുന്നു തുടക്കം. സ്ഥാനക്കയറ്റം നേടി 6500ഓളം ജീവനക്കാരുടെ പാസ്പോർട്സ് സെക്ഷൻ ഇൻചാർജ് വരെയായി. അതിനിടയിൽ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടമായത്, സ്വന്തം ബിസിനസ് സംരംഭം എന്ന ചുവടുവെപ്പിന് വഴിയൊരുക്കുകയായിരുന്നു.
1992ൽ അലി ഇന്റർനാഷനൽ ട്രേഡിങ് സെന്റർ ആരംഭിച്ചു. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കി തന്റെ സംരംഭത്തെ അദ്ദേഹം നയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ കൂടുതൽ ബ്രാഞ്ചുകളും ബിസിനസുകളുമായി അലി ഇന്റർനാഷനൽ വളർന്നതോടെ 1996ൽ സർക്കാർ ജീവനക്കാരൻ എന്ന കുപ്പായമഴിച്ച് മുഴുസമയം ബിസിനസുകാരനായി മാറി.
പരിപാടികൾക്കുള്ള സ്പോൺസർഷിപ് തേടി സംഘാടകർ ഈസക്കയെ സമീപിക്കുന്നതിൽനിന്നായിരുന്നു സ്വന്തം നിലയിലെ പാട്ട് പരിപാടികളിലേക്കും ഇശൽ സന്ധ്യകളിലേക്കും അദ്ദേഹം പ്രവേശിക്കുന്നത്. നാഗൂർ ഹനീഫയുടെ പാട്ടുകൾ കേട്ട് വളർന്ന ഈസക്ക അങ്ങനെ മാപ്പിളപ്പാട്ടുകാരുടെയും സ്വന്തക്കാരനായി മാറി.