ഖത്തർ; ലോകത്തിന്റെ സമാധാന ദൂതർ
text_fieldsദോഹയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
കാലുഷ്യങ്ങൾ നിലക്കാതെ തുടരണമെന്ന് ചിലർ സ്വപ്നം കാണുമ്പോൾ എന്ന് അവസാനിക്കുമെന്ന് നെടുവീർപ്പിടുന്നവരാണ് ലോകത്ത് ഏറെ പേരും. ചെറുതായി തുടങ്ങുന്ന കലഹങ്ങൾ പലതും വൻസംഘർഷങ്ങളും യുദ്ധങ്ങളുമായി പരിണമിക്കുന്ന പുതിയ കാലത്ത് ഖത്തറും അവിടുത്തെ ഭരണാധികാരികളുമാണിപ്പോൾ ലോകത്തിന് പ്രതീക്ഷയുടെ തുരുത്തും നറുനിലാവും. ഏറ്റവുമൊടുവിൽ ഗസ്സയിലെ ഇസ്രായേൽ വംശഹത്യ ഏഴാഴ്ചയിലെത്തിയപ്പോഴായിരുന്നു നാം അതുകണ്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യൻ വൻശക്തികളും നാണയത്തിന്റെ ഒരേ വശമെന്നപോലെ വലിയ വായിൽ ഇസ്രായേലിന്റെ ‘സ്വയംപ്രതിരോധം’ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന നാളുകൾ.
പാവം ഗസ്സക്കാർക്കു മുന്നിൽ വഴികൾ അടഞ്ഞുതീരുകയാണെന്ന് ലോകം ആധിപൂണ്ടുനിന്നു. ലണ്ടനിലും വാഷിങ്ടണിലും പാരിസിലും മാത്രമല്ല, ലോകം മുഴുക്കെയും ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ചും ഇസ്രായേൽ ഭീകരതയെ ഭർത്സിച്ചും പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടും പ്രതീക്ഷയാകുന്നതൊന്നും പുറത്തുവരുന്നുണ്ടായിരുന്നില്ല. തുരുതുരാ വീഴുന്ന ടൺ കണക്കിന് ശേഷിയുള്ള ഉഗ്രബോംബുകളിൽ വീടുകൾക്കൊപ്പം ചിതറിപ്പോയ കുഞ്ഞുമക്കളുടെ അവയവങ്ങൾ പിടിച്ച് ഉമ്മമാർ കണ്ണുനിറഞ്ഞുനിൽക്കുന്ന കാഴ്ചകൾ. വീടുകളിൽനിന്ന് ആട്ടിപ്പായിച്ച് തെരുവിലിറക്കപ്പെട്ടവർക്കുമേൽ ഉഗ്രപിശാചുക്കളായി ടാങ്കുകളിൽനിന്നും ആകാശത്ത് വട്ടമിട്ടുനിന്ന ബോംബറുകളിൽനിന്നും തീതുപ്പുന്ന സമാനതകളില്ലാത്ത ഭീകരത. ഗസ്സ മുഴുവൻ ഒഴിഞ്ഞ മരുപ്പറമ്പാക്കുംവരെ ഞങ്ങൾ കുരുതി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കൂടെ യൊആവ് ഗാലന്റും ഉറക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഇങ്ങിപ്പുറത്ത് ഖത്തർ തകൃതിയായ നീക്കങ്ങളിലായിരുന്നു.
മൊസാദ് തലവൻ ഡേവിഡ് ബാർണിയ മുതൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വരെ നിരവധി പേർ പങ്കാളിയായതായിരുന്നു ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ. ഖാലിദ് മിശ്അൽ മുതൽ ഗസ്സ തുരുത്തിലെ ഹമാസ് നേതൃത്വം വരെ അറിഞ്ഞുള്ള തിരക്കിട്ട കൂടിയാലോചനകൾ. ഏതു വെടിനിർത്തലിലും ഗസ്സയിൽ നിലയുറപ്പിച്ച സൈനിക ടാങ്കുകളും സൈനികരും അവിടെയുണ്ടാകുമെന്നതടക്കം നിലപാട് കനപ്പിച്ച് ഇസ്രായേൽ ഒരുവശത്ത്. ബന്ദികളെ മോചിപ്പിക്കാം പക്ഷേ, നിരപരാധികളായ ഫലസ്തീനി തടവുകാരെ വിട്ടയക്കണമെന്ന് ഹമാസ് മറുവശത്തും. പശ്ചിമേഷ്യയിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കുടിയിരുത്തിയ ഇസ്രായേലിനു വേണ്ടി ഏതറ്റം വരെ പോകാനും അമേരിക്ക കൂട്ടുനിൽക്കുമെന്ന ഉറപ്പിലും ചർച്ചകൾക്ക് ഖത്തർ നേതൃത്വം മുന്നിൽനിന്നു. ഒരുവശത്ത്, ഹമാസ് ഔദ്യോഗിക ഓഫിസ് പ്രവർത്തിക്കുന്ന അതേ നഗരത്തിൽ ഇസ്രായേലിന് നയതന്ത്ര കാര്യാലയം ഇതുവരെയും തുറന്നിട്ടില്ലെന്ന് കൂടി ഓർക്കണം.
എന്നിട്ടും, ന്യൂയോർക് ടൈംസ് എഴുതിയപോലെ ഓരോ രാത്രിയിലും ജോ ബൈഡൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വിളിച്ചുകൊണ്ടിരുന്നു. അതിനിടെ, ചർച്ചകൾ വഴിമുടക്കി ഗസ്സയിൽ ടെലികമ്യൂണിക്കേഷൻ വരെ ഇസ്രായേൽ മുടക്കിയ നാളുകൾ. വെടിനിർത്തലിന് വഴിതുറന്നുകിട്ടിയപ്പോഴും കീറാമുട്ടിയായി ചെറിയ വശപ്പിശകുകൾ വേറെ. ഒടുവിൽ അന്നൊരു വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ വെടിനിർത്തൽ പുലരുകയാണെന്ന് ഖത്തർ നേതൃത്വം പ്രഖ്യാപിച്ചു. തലേന്ന്, വ്യാഴാഴ്ച തന്നെ ഗസ്സയിൽനിന്ന് ഇസ്രായേൽ ടാങ്കുകൾ തിരിച്ചുപോക്ക് തുടങ്ങുകയും ചെയ്തു. ഏറെയൊന്നും നീണ്ടുനിന്നില്ലെങ്കിലും, ലോകം ഒറ്റപ്പെടുത്തി പൂരക്കാഴ്ചയെന്ന പോലെ ബോംബുവർഷം ആസ്വദിച്ചുകൊണ്ടിരുന്ന ഗസ്സ തുരുത്തിൽ അശരണരായ 23 ലക്ഷം മനുഷ്യർക്ക് ഇത് വൈകിക്കിട്ടിയ ഉത്സവമായിരുന്നു. ഒരാഴ്ച മാത്രംനീണ്ടുനിന്ന അവധി നാളുകളിൽ അവർ വല്ലാതെ സന്തോഷിച്ചു. പുതിയ കാലത്ത് ഖത്തറിനു മാത്രം സാധ്യമായതായിരുന്നു ഈ വെടിനിർത്തൽ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും നേതൃത്വം നൽകിയ നടത്തിയ ദൗത്യങ്ങളുടെ വിജയം.
ഖത്തർ നയിക്കുന്ന മധ്യസ്ഥദൗത്യം
അധിനിവേശം മുക്കാൽ നൂറ്റാണ്ട് തികഞ്ഞിട്ടും ഗസ്സയെയും ഫലസ്തീനികളെയും മനുഷ്യരായി കാണാൻ പാശ്ചാത്യ വൻശക്തികളിലേറെയും തയാറാകാത്തത് അവസരമാക്കിയാണ് ഇസ്രായേൽ അവിടെ കൊടുംക്രൂരത തുടരുന്നതെന്ന വലിയ സത്യമാണ് ഈ ഘട്ടത്തിലും നമ്മെ തുറിച്ചുനോക്കുന്നത്. പിഞ്ചുപൈതങ്ങളെയും നിരായുധരായ സ്ത്രീകളെയും കൂട്ടക്കുരുതി നടത്തിയിട്ടും എല്ലാം ‘പാർശ്വഫലം’ മാത്രമെന്ന് വിലയിരുത്തി കൈകഴുകുന്നവർ. 20,000 മനുഷ്യർ അറുകൊല ചെയ്യപ്പെടുകയും 10,000 പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഇസ്രായേലിനു വേണ്ടി ബഹളം വെക്കുന്നവർ. അവർക്കിടയിലായിരുന്നു മനുഷ്യത്വം ഉയർത്തിപ്പിടിച്ച്, സ്നേഹം മാത്രം പങ്കുവെച്ച് ഖത്തർ എന്ന ചെറിയ വലിയ രാജ്യം എഴുന്നേറ്റു നിന്നത്. ഗസ്സയിൽ വംശഹത്യ തുടരുന്നതിനാൽ ഈ ദൗത്യം ഇവിടെ അവസാനിക്കുന്നില്ലെന്ന് ലോകത്തിനറിയാം, ഖത്തർ ഭരണകൂടത്തിനും.
ഇത്തരം മഹാപ്രതിസന്ധികളിൽ രാജ്യം ഇടപെടുന്നത് ആദ്യമായൊന്നുമല്ല. സമീപകാലത്ത്, എണ്ണമറ്റ തവണയാണ് ഖത്തർ കാർമികത്വം വഹിച്ച് പല രാജ്യങ്ങളിൽ സമാധാനം പുലർന്നത്; മനുഷ്യർ സ്നേഹത്തിന്റെ പലവഴികളിലേക്ക് ചൂട്ടുതെളിച്ച് നടന്നുനീങ്ങിയത്. കടപ്പാടുകൾ ആവശ്യമില്ലാതെ രാഷ്ട്രീയ അടിമത്തം പകരം ചോദിക്കാതെയായിരുന്നു എല്ലാം. സമീപകാലത്ത് ലോക രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ ഇറാൻ- അമേരിക്ക പ്രശ്നത്തിൽ മൂന്നാം കക്ഷിയാകാനും അഞ്ച് അമേരിക്കൻ തടവുകാരെ മോചിപ്പിക്കാനുമായത് ഇതിന്റെ നേർസാക്ഷ്യം. ദക്ഷിണ കൊറിയയിൽ അമേരിക്കൻ ഉപരോധത്തെതുടർന്ന് മരവിപ്പിച്ചുനിർത്തിയ 600 കോടി ഡോളർ ഇറാൻ ഫണ്ട് വിട്ടുനൽകുകയെന്നതടക്കം ഉപാധികളിലായിരുന്നു രണ്ടുവർഷം നീണ്ട ചർച്ചകൾക്കൊടുവിൽ തടവുകാരുടെ കൈമാറ്റം. അതിനും മുമ്പ് ഇറാൻ ആണവ ചർച്ചകളിലും വാഷിങ്ടണിനുവേണ്ടി മധ്യവർത്തികളായി നിലയുറപ്പിച്ചത് മറ്റാരുമായിരുന്നില്ല.
അഫ്ഗാനിസ്താനിൽ തോറ്റുപോയ ദൗത്യം അവസാനിപ്പിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം അമേരിക്ക മടങ്ങുമ്പോൾ അന്നും ഇടയിൽനിന്നത് ഖത്തർ ഭരണകൂടമായിരുന്നു. 2020ലെ ദോഹ കരാറിനൊടുവിലായിരുന്നു പിറ്റേ വർഷത്തെ യു.എസ് സൈനിക പിന്മാറ്റം. ഇതിന്റെ തുടർച്ചയായി താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ വിവിധ രാജ്യക്കാരെയും അഫ്ഗാനികളെയും സുരക്ഷിതമായി അഫ്ഗാനിൽ നിന്നും പുറത്തെത്തിച്ച് അവരുടെ രാജ്യങ്ങളിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. താലിബാൻ ഭരണവുമായി ഇന്നും നയതന്ത്രബന്ധം നിലനിർത്തുന്ന രാജ്യത്തിന് കാര്യങ്ങൾ യഥാവഴി പ്രയാസങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാകുക സ്വാഭാവികം. ലോകത്ത് സമാധാനം പുലരണമെന്ന് കൊതിക്കുന്ന ഒരു രാജ്യത്തിന് ഇതത്രയും ചെറിയ സംഭവങ്ങൾ മാത്രം. റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികളുടെ കൈമാറ്റം, ഛാഡ് സർക്കാർ സമാധാന കരാർ, വെനസ്വേല, ലിബിയ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലെ മധ്യസ്ഥ ശ്രമങ്ങൾ... അങ്ങനെ പോകുന്നു പട്ടിക.
2022ലെ ഖത്തർ ഫുട്ബാൾ ലോകകപ്പ് ലോകത്തിനു മുന്നിൽ തുറന്നിട്ടുനൽകിയ അസുലഭസുന്ദരമായ ഒരു ചിത്രമുണ്ട്. എല്ലാ ആഭാസങ്ങളും നിറഞ്ഞാടുമെന്നുറപ്പുള്ള വിശ്വമേള അതൊന്നുമില്ലാതെ, എന്നാൽ, ദൃശ്യവിരുന്നിന് കുറവൊട്ടുമില്ലാതെ നടത്തിയതായിരുന്നു അത്. അത്യപൂർവമായി ചിലർ മുൻവിധികളുടെ പേരിൽ ചിലത് പറഞ്ഞുതീർത്തതൊഴിച്ചാൽ സമാനതകളില്ലാത്ത ആവേശവും ആഘോഷവും സമ്മാനിച്ചാണ് അന്ന് കായികമാമാങ്കത്തിന് തിരശ്ശീല വീണത്. ഇനി ലോകത്ത് എല്ലാ കളികളും ഖത്തറിൽ മതിയെന്നായിരുന്നു ബ്രിട്ടീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൺ അന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്. കളി മാത്രമല്ല, കാര്യമാകുമ്പോഴും ഖത്തറിന് എല്ലാം ശുഭമെന്നതാണിപ്പോൾ ചിത്രം. എന്നല്ല, ഏതുതരം മധ്യസ്ഥ നീക്കങ്ങൾക്കും ഖത്തർ എന്ന കൊച്ചുരാജ്യത്തേക്ക് കൺപാർക്കുന്നതാണ് ലോകത്തിന്റെ മനസ്സ്. അതുതന്നെയാണ് ആ രാജ്യത്തിന്റെ വിദേശനയവും.
അഫ്ഗാനിസ്താനിൽനിന്ന് തിടുക്കപ്പെട്ട് ചരക്കുവിമാനങ്ങളയച്ച് അമേരിക്ക സൈനികരെ കൊണ്ടുപോകുമ്പോൾ അവിടെ പലതും നടക്കുമെന്ന് ലോകം കാതോർത്തിരുന്നു. എന്നാൽ, എല്ലാ രാജ്യക്കാരുടെയും സുരക്ഷിത മടക്കം ഉൾപ്പെടെ അയത്നലളിതമായാണ് നടപ്പാക്കപ്പെട്ടത്. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതൊഴിച്ചാൽ വലിയ അല്ലലില്ലാതെ രാജ്യം മുന്നോട്ടുപോകുകയും ചെയ്യുന്നു. എന്നിട്ടും, അഫ്ഗാനിസ്താന്റെതായി വിദേശബാങ്കുകളിലെ ശതകോടികൾ വരുന്ന ഫണ്ടുകൾ അമേരിക്കൻ കാർമികത്വത്തിൽ മരവിപ്പിച്ചുനിർത്തിയതാണെന്ന് ചേർത്തുവായിക്കണം.