ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു, 66 പേർക്ക് പരിക്ക്
text_fieldsദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു. 66 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 18 പേരെ കാണാതായതായും ഇവർക്കായുള്ള വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച രാത്രി 10.45 ഓടെയാണ് ഉഗ്ര ശബ്ദത്തോടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പ്രവർത്തനത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഭീഷണിയാകുന്ന യാതൊരുവിധ വാതകച്ചോർച്ചയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തർ എനർജിയുടെ പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ബർസാൻ ഗ്യാസ് പ്ലാൻറിലായിരുന്നു അപകടം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടം നടന്നയുടൻ തന്നെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഖത്തർ എനർജി വ്യക്തമാക്കി. തീ അണച്ചതിന് പിന്നാലെ ലഖ്‌വിയ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും സിവിൽ ഡിഫൻസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.
ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന് കീഴിലുള്ള ‘ഖത്തരി ഇന്റർനാഷണൽ സെർച്ച് ആന്റ് റെസ്‌ക്യൂ ഗ്രൂപ്പ്’, സിവിൽ ഡിഫൻസ് ടീമുകളുമായി ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


