നാടൊന്നാകെ കായികാഘോഷം
text_fieldsദോഹ ഗോൾഫ് ക്ലബിൽ നടന്ന ദേശീയ കായിക ദിന പരിപാടികളിൽ അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: കായിക കുതിപ്പിന് ഊർജമേകി ദേശീയ കായികദിനം ഖത്തറിൽ വിപുലമായി ആഘോഷിച്ചു.കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതിരാവിലെ മുതൽ രാജ്യത്തെ പാർക്കുകളിലേക്കും മൈതാനങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും കായിക വിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ട് ‘ഐ ചോസ് സ്പോർട്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണ ദേശീയ കായികദിനാഘോഷം സംഘടിപ്പിച്ചത്.
അൽ ബിദ്ദ പാർക്കിൽ കായികദിന പരിപാടികളിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം
ആൽഥാനി പങ്കെടുക്കാനെത്തിയപ്പോൾ, സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി ബുഥൈന ബിൻത് അലി അൽ
ജാബിർ അൽ നുഐമി സന്നിഹിതയായിരുന്നു
2012ൽ ആരംഭിച്ച ദേശീയ കായികദിനത്തിന്റെ 15ാമത് പതിപ്പിനാണ് ഇത്തവണ വേദിയായത്. സ്പോർട്സ് കേവലം വിനോദം മാത്രമല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും സമഗ്ര ആരോഗ്യത്തിനും ആവശ്യമാണെന്ന സന്ദേശവും പങ്കുവെച്ചാണ് ഖത്തറിലെ ജനങ്ങൾ കായിക പരിപാടികളിൽ പങ്കെടുത്തത്.
ചൊവ്വാഴ്ച സൂര്യൻ ഉദിച്ചുയരും മുമ്പുതന്നെ ഖത്തറിലെ തെരുവുകളും പാർക്കുകളും പൊതുഇടങ്ങളും കളി സ്ഥലങ്ങളുമെല്ലാം സജീവമായിരുന്നു. രാജ്യത്തുടനീളം നടന്ന കായിക പരിപാടികളിൽ ആരോഗ്യവും ഉന്മേഷവും ലക്ഷ്യമിട്ട് ജനലക്ഷങ്ങൾ പങ്കാളികളായി. എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്.
സർക്കാർ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, ഖത്തർ ഒളിമ്പിക് കമ്മിറ്റി, സ്വകാര്യ കമ്പനികൾ, കമ്യൂണിറ്റി സംഘടനകൾ തുടങ്ങി ചെറുതും വലുതുമായ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി പരിപാടികൾ നടന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പൊതുപാർക്കുകളിലും ഗ്രൗണ്ടുകളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ദോഹ കോർണിഷ്, ആസ്പയർ സോൺ, പേൾ ഖത്തർ, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ, മുശൈരിബ്, കതാറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ സജീവമായി.
ഖത്തർ കായിക ദിന പരിപാടികളിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തപ്പോൾ
സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ കായിക ദിനാഘോഷത്തിന്റെ ഭാഗമായി.മാരത്തൺ, നടത്തം, സൈക്ലിങ്, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ തുടങ്ങി വൈവിധ്യമാർന്ന കായിക ഇനങ്ങളാണ് ഓരോ വേദിയിലും സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദ പരിപാടികളും ഫൺ ഗെയിമുകളും സംഘടിപ്പിച്ചു. ദോഹ ഗോൾഫ് ക്ലബിൽ നടന്ന ദേശീയ കായികദിന പരിപാടികളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ദേശീയ ഗോള്ഫ് ടീമിലെ അംഗങ്ങള്ക്കൊപ്പവും വിവിധ പ്രായത്തിലുള്ള വളർന്നു വരുന്ന കായിക താരങ്ങൾക്കൊപ്പവും അമീര് ഗോള്ഫ് കളിച്ചു. ഗോൾഫ് ക്ലബ്ബിലെത്തിയ കുട്ടികളോടൊപ്പവും മറ്റ് കളിക്കാരോടും അദ്ദേഹം കുശലാന്വേഷണവും സന്തോഷവും പങ്കുവെച്ചും പ്രോത്സാഹനം നൽകിയും അമീർ ദേശീയ കായികദിനാഘോഷത്തിൽ പങ്കുചേർന്നു.
അമീർ നയിച്ചു; കളിയാരവം നെഞ്ചേറ്റി ഖത്തർ
ദോഹ: വ്യായാമത്തിന്റെയും സ്പോർട്സിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് പകർന്നുനൽകി നാടെങ്ങും കായികദിനാഘോഷം കൊണ്ടാടി. രാഷ്ട്രനേതാക്കൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, രാജകുടുംബാംഗങ്ങൾ, സൈനിക -പൊലീസ് മേധാവികൾ എല്ലാവരും മൈതാനങ്ങളിലും പാർക്കുകളിലും ഒന്നിച്ച് ഖത്തറിന്റെ ദേശീയ കായികദിനം ആഘോഷമാക്കി. കായികക്ഷമതയിലൂടെ ആരോഗ്യകരമായ ജീവിതവും ആരോഗ്യമുള്ള സമൂഹവും എന്ന സന്ദേശവുമായി രാജ്യം ഒന്നിച്ച് ഇറങ്ങിയപ്പോൾ നേതൃത്വമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെത്തി. ദോഹ ഗോൾഫ് ക്ലബിൽ നടന്ന ദേശീയ കായികദിന പരിപാടികളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
ഖത്തർ സ്പോർട്സ് ഫെഡറേഷൻസ് ഫോർ പേഴ്സൻസ് വിത്ത് സ്പെഷൽ നീഡ്സിൽ കുട്ടികളോടൊപ്പം കളിച്ചും സൗഹൃദം പങ്കുവെച്ചു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി കായികദിന പരിപാടികളിൽ പങ്കെടുത്തു.
തുടർന്ന്, സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അൽ ബിദ്ദ പാർക്കിൽ നടന്ന പരിപാടികളും സന്ദർശിച്ചു. സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി സന്നിഹിതയായിരുന്നു.
ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലെ വയോജനങ്ങളുമായും ജീവനക്കാരുമായും അദ്ദേഹം കായിക പ്രവർത്തനങ്ങളിലേർപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അൽ ബിദ്ദ പാർക്കിൽ സംഘടിപ്പിച്ച കായിക വിനോദ പരിപാടികളിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൽ അലി ആൽഥാനി, ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ മന്നായി എന്നിവർ പങ്കെടുത്തു. ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ, അത്ലറ്റിക്സ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളുമാണ് അരങ്ങേറിയത്. മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനങ്ങളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടികളിൽ പങ്കെടുത്തു.
ഗോൾഫ് ക്ലബ്ബിൽ നടന്ന പരിപാടികളിൽ കുട്ടികൾക്ക്
പ്രോത്സാഹനം നൽകി അമീർ കായിക ദിനാഘോഷത്തിൽ
മുൻ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, കായിക യുവജന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി എൻജിനീയർ യാസർ ബിൻ അബ്ദുല്ല അൽ ജമാൽ, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി എന്നിവർ ഓൾഡ് ദോഹ പോർട്ടിൽ നടന്ന പരിപാടികളിൽ സന്നിഹിതരായി.
എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ ബൊളെവാർഡ്, 974 സ്റ്റേഡിയം, അൽ ബിദ്ദ പാർക്ക്, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺ ടൗൺ, കതാറ കൾച്ചറൽ വില്ലേജ്, ആസ്പയർ പാർക്ക് തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ കായിക പ്രവർത്തനങ്ങളും വ്യായാമവുമായി കായിക ദിനം ആചരിച്ചു. കുട്ടികളും കുടുംബങ്ങളും മുതിർന്നവരുമെല്ലാം ജഴ്സിയും ബൂട്ടും ധരിച്ച് മൈതാനങ്ങളിൽ സംഗമിച്ചപ്പോൾ പുതിയ കളികൾ പരിശീലിപ്പിക്കാനും, വിവിധ കളികൾ അറിയാനും അവസരമൊരുക്കിയിരുന്നു.
ഹമദ് മെഡിക്കൽ കോർപറേഷൻ ഉൾപ്പെടെ ആരോഗ്യ മേഖലാ സംവിധാനങ്ങളും കോർപറേറ്റുകൾ, കമ്പനികൾ എന്നിവർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി വിനോദ പരിപാടികൾ സംഘടിപ്പിച്ചു.


