ലോക പഞ്ചഗുസ്തിയിൽ സ്വർണം; ഖത്തർ പ്രവാസി രഹന റഷീദിന് അഭിമാന നേട്ടം
text_fieldsഗോവയിലെ മഡ്ഗാവിൽ വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രഹന റഷീദും സംഘവും
ദോഹ: ഗോവയിലെ മഡ്ഗാവിൽ വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മത്സരിച്ച ഖത്തർ പ്രവാസി രഹന റഷീദിന് സ്വർണ്ണ മെഡൽ നേട്ടം. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിടാതെ അന്താരാഷ്ട്ര വേദിയിൽ വിജയക്കൊടി പാറിച്ച രഹനയുടെ നേട്ടം നാടിനും ഖത്തർ പ്രവാസികൽക്കും അഭിമാനമായി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരുത്തരായ പ്രതിഭകൾ അണിനിരന്ന പോരാട്ടത്തിലാണ് രഹന നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ഖത്തറിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും രഹന സ്വർണം നേടിയിരുന്നു. 'ലോകതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം മുമ്പ് പലതവണ നഷ്ടപ്പെട്ടു, ഇത്തവണ മത്സരം ഇന്ത്യയിൽ നടന്നത് അനുഗ്രഹമായി. ഇതിനായി ജോലിയിൽനിന്ന് പ്രത്യേക അവധി എടുത്താണ് നാട്ടിലെത്തിയത്.
ഈ വിജയം അതിയായ സന്തോഷവും ആത്മവിശ്വാസവുമാണ് നൽകുന്നത്' -രഹന റഷീദ് പറഞ്ഞു. പാവറട്ടി സ്വദേശിനിയായ രഹന എഴുത്തുകാരനും കവിയുമായ റഷീദ് കെ. മുഹമ്മദിന്റെ ഭാര്യയാണ്. ഇരുവരും ദോഹയിലെ സീഷോർ കമ്പനിയിലെ ജീവനക്കാരാണ്. മക്കളായ അദ്നാൻ ബിൻ അബ്ദുറഷീദും അഫ്നാൻ ബിൻ അബ്ദുറഷീദും ദേശീയ പഞ്ചഗുസ്തി താരങ്ങളാണ്. മകൾ അൽമ ബിൻത് അബ്ദു റഷീദ് ദോഹയിൽ വിദ്യാർഥിനിയാണ്.


