ക്യു.എസ്.എല്ലിന് പേരുമാറ്റം; ഇനി ദോഹ ബാങ്ക് സ്റ്റാർസ് ലീഗ്
text_fieldsദോഹ: ലീഗ് ചാമ്പ്യൻഷിപ്പിന്റെ 2025-26 സീസൺ മുതൽ പുതിയ പേരും ലോഗോയും പ്രഖ്യാപിച്ച് ഖത്തർ സ്റ്റാർസ് ലീഗ് (ക്യു.എസ്.എൽ). അടുത്ത മൂന്ന് സീസണുകളിൽ ലീഗ് ചാമ്പ്യൻഷിപ്പിന്റെ പേര് ദോഹ ബാങ്ക് സ്റ്റാർസ് ലീഗ് എന്നാണ്. ചാമ്പ്യൻഷിപ് ഷീൽഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദോഹ ബാങ്ക് സ്റ്റാർസ് ലീഗിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. പുതിയ സീസണിലെ മത്സരങ്ങൾ ആഗസ്റ്റ് 14 ന് ആരംഭിക്കും. സീസണിന്റെ ആദ്യ ആറ് ആഴ്ചകളിൽ മത്സരങ്ങൾ ശീതീകരിച്ച പിച്ചുകളിലായിരിക്കും നടക്കുക. ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടക്കും.
ഓഗസ്റ്റ് 14-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അൽ റയ്യാൻ അൽ സെയ് ലിയയുമായി എറ്റുമുട്ടുന്നതോടെ പുതിയ സീസണിന് തുടക്കമിടും. ഇതേസമയം ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അൽ ഷമാൽ അൽ അഹലിയെയും നേരിടും. ആഗസ്റ്റ് 15ന് അൽ തുമാമ സ്റ്റേഡിയത്തിൽ അൽ അറബി അൽ വകറയെയും, അൽ ബൈത്ത് സ്റ്റേഡിയത്തിൽ അൽ ഗറാഫ ഉമ്മു സലാലിനെയും നേരിടും. ആഗസ്റ്റ് 16ന് ഖലീഫ സ്റ്റേഡിയത്തിൽ അൽ ദുഹൈൽ അൽ ഷഹാനിയയും ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ എസ്.സിസിക്കെതിരെ അൽ സദ്ദ് ഏറ്റുമുട്ടും.