അപൂർവയിനം കടലാമകൾ മുട്ടയിടാൻ തീരമണയുന്നു; കടലാമ സംരക്ഷണ സീസണ് ഖത്തറിൽ തുടക്കം
text_fieldsദോഹ: വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും അപൂർവമായ കര -കടൽ വന്യജീവികളെ നിരീക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി ഖത്തറിൽ കടലാമ സീസണ് തുടക്കം. അപൂർവയിനം കടലാമകൾ മുട്ട ഇടുന്നതിനായി തീരമണയുന്ന സീസൺ ആരംഭിച്ചതായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് ഒന്ന് വരെ നാലു മാസമാണ് കടലാമകളുടെ മുട്ട ഇടൽ സീസൺ നീണ്ടു നിൽക്കുക.
പരിസ്ഥിതിയുടെയും വിവിധ ജീവിവർഗങ്ങളുടെ ആവാസ വ്യവസ്ഥാ സംരക്ഷണത്തിനും മുന്തിയ പരിഗണ നൽകുന്ന മന്ത്രാലയം വിപുലമായ സംവിധാനങ്ങളാണ് ഓരോ സീസണിലും കടലാമകളുടെ മുട്ടിയിടലിനും അവയുടെ സംരക്ഷണത്തിനുമായി ഒരുക്കുന്നത്. തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂട് പിടിച്ചു തുടങ്ങവെയാണ് അപൂർവയിനം ആമകൾ ഖത്തർ കടൽ തീരത്തെത്തുന്നത്.
2003ൽ ഖത്തർ ആരംഭിച്ച കടലാമ സംരക്ഷണ പദ്ധതി രാജ്യത്തെ വന്യജീവി സംരക്ഷണത്തിലെ മുൻനിര സംരംഭങ്ങളിൽ ഒന്നാണ്. റാസ് ലഫാൻ, അൽ ഹുവൈല, അൽ ജസാസിയ, അൽ മറൂണ, ഫുവൈരിത്, അൽ ഗരിയ, അൽ മഫ്യാർ എന്നീ ബീച്ചുകളും ഉമ്മു തായിസ്, റാസ് രാകാൻ, ഷറാവ, ഹാലുൽ എന്നീ ദ്വീപുകളും ഉൾപ്പെടുന്ന വടക്കൻ തീരങ്ങളിൽ കടലാമകൾ മുട്ടയിടുന്നതിനായി എത്താറുണ്ട്. ഏപ്രിൽ മാസത്തോടെ തുടങ്ങുന്ന കടലാമകളുടെ പ്രജനന സീസണിന് മുന്നോടിയായി വിവിധ തയാറെടുപ്പുകളും അധികൃതർ നടത്താറുണ്ട്.
വേലിയേറ്റങ്ങളിലും തിരമാലകളിലും പെട്ട് കടലാമക്കൂടുകൾ നശിക്കാതിരിക്കുന്നതിനായി ഇവ മാറ്റി സ്ഥാപിക്കുക, കൂടുകളുടെ താപനില നിരീക്ഷിക്കുക, കൂടുതൽ പഠനത്തിനായി ആമകളിൽ ട്രാക്കിങ് ഉപകരണങ്ങൾ സജ്ജീകരിക്കുക, ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുക എന്നിവയും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കും. ഏതാനും വർഷങ്ങളായി 60,000ത്തിലധികം ആമക്കുഞ്ഞുങ്ങളെയാണ് ഖത്തറിന്റെ തീരത്തു നിന്നും കടലിലെ ആവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. ഇത് പദ്ധതിയുടെ വിജയത്തിന് ഉദാഹരണമാണ്.
രാജ്യത്തിന്റെ വടക്കൻ തീരങ്ങളിലും ദ്വീപുകളിലും കാണപ്പെടുന്ന 'ഹോക്സ്‌ബിൽ' കടലാമകളുടെ എല്ലാ കൂടുകളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്ന് വന്യജീവി വികസന വകുപ്പ് ഡയറക്ടർ ഖാലിദ് ജുമാ അൽ മുഹന്നദി പറഞ്ഞു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയൻ 1982 മുതൽ ഹോക്സ്‌ബിൽ കടലാമകളെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉയർന്ന വേലിയേറ്റം മൂലം ഭീഷണി നേരിടുന്ന കടലാമ കൂടുകൾ മാറ്റിസ്ഥാപിക്കുന്നതും അവയുടെ താപനില നിരീക്ഷിക്കുന്നതും കുഞ്ഞുങ്ങൾ വിരിഞ്ഞു വരാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളുമാണ് വെല്ലുവിളികൾ. ഫീൽഡ് മോണിറ്ററിങ് പ്രോഗ്രാമുകളിലൂടെയും പൊതുജന അവബോധത്തിലൂടെയും ഇവ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


