ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രസിഡന്റ് ടി.എസ്. റഷീദ് അഹമ്മദ് ദേശീയപതാക ഉയർത്തുന്നു
ദോഹ: ഭാരതത്തിന്റെ 77ാം റിപ്പബ്ലിക് ദിനം ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശസ്നേഹവും സാംസ്കാരിക വൈവിധ്യവും പരിസ്ഥിതി സംരക്ഷണ ബോധവും ഉൾച്ചേർത്തുള്ള പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ പ്രസിഡന്റ് ടി.എസ്. റഷീദ് അഹമ്മദ് ദേശീയപതാക ഉയർത്തി. സി.ഐ.സി പ്രസിഡന്റ് അബ്ദുൽ ജലീൽ, മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ റഫീഖ് റഹീം, എൽ ആൻഡ് ടി കൺസ്ട്രക്ഷൻ കൺട്രി ഹെഡ് ജ്യോതി ബസു, ഓപറേഷൻസ് മാനേജർ വി.എൻ. അബ്ദുൽ ഹമീദ്, വൈസ് പ്രിൻസിപ്പൽ സുജിത് കുമാർ ഹോസ്ദുർഗ, സീനിയർ ഹെഡ്മാസ്റ്റർ റഫീഖ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.
ആറാംക്ലാസ് വിദ്യാർഥി ആയിഷ സമ്രീന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ, അദിതി അജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ വർണാഭമായ പരേഡും വസിയുല്ല ഫാറൂഖി, കരോൾ ഫ്രാൻസിസ് ഗോൺസാൽവസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയും ശ്രദ്ധേയമായി. റിപ്പബ്ലിക് ആഘോഷങ്ങളുടെ പ്രധാന സവിശേഷത പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ഹാൻഡ്സ് പ്രോജക്ട് ആയിരുന്നു. ഇതോടനുബന്ധിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ കമ്പനിയുമായി സഹകരിച്ച് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ചടങ്ങിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. റിപ്പബ്ലിക്കിന്റെ 77 വർഷത്തെ യാത്രയെക്കുറിച്ച് നാലാംക്ലാസ് വിദ്യാർഥി ഹവ്വ സുഹ്റ സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനവും നൃത്തവും കാണികളെ ആകർഷിച്ചു.
മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, റാണി ലക്ഷ്മി ഭായ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ചയുമായി വിദ്യാർഥികൾ നടത്തിയ മാർച്ചും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ നാഷനൽ ഇന്റഗ്രേഷൻ സ്റ്റാളും സന്ദർശകരുടെ പ്രത്യേക ശ്രദ്ധ നേടി. ഫേസ് പെയിന്റിങ്, കൈകൊണ്ട് നിർമിച്ച ബാഡ്ജുകൾ, പതാകകൾ എന്നിവയുടെ വിതരണത്തോടൊപ്പം സെൽഫി കോർണറും ഒരുക്കിയിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥി സിംറ റംലത്തിന്റെ നന്ദിയോടെ ചടങ്ങുകൾ സമാപിച്ചു.


