രൂപക്ക് ഇടിവ്; കുതിച്ചുകയറി ഖത്തർ റിയാൽ
text_fieldsദോഹ: ഇന്ത്യൻ രൂപയുടെ റെക്കോഡ് തകർച്ചയിൽ രൂപക്കെതിരായ വിനിമയനിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഖത്തർ റിയാൽ. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ്.ഇ കറൻസി കൺവർട്ടർ കഴിഞ്ഞദിവസം ഒരു ഖത്തർ റിയാലിന് 24.87 രൂപയിലധികമാണ് കാണിച്ചത്. ഖത്തറിലെ ചില സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ 24.72 രൂപവരെ ഒരു ഖത്തറി റിയാലിന് നൽകുന്നുണ്ട്. അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഖത്തർ റിയാലിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ കറൻസികളിലും ഉയർച്ചയുണ്ടായി. യു.എ. ഇ ദിർഹം, സൗദി റിയാൽ, കുവൈത്ത് ദീനാർ, ബഹറൈൻ ദീനാർ, ഒമാനി റിയാൽ എന്നിവയുടെ വിനിമയനിരക്കിലും സമാന ഉയർച്ചയുണ്ടായി.
വെള്ളിയാഴ്ച വൻ നഷ്ടത്തോടെ ഡോളറിനെതിരെ 90.56ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ -യു.എസ് വ്യാപാര കരാർ യാഥാർഥ്യമാവാത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്. വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരി വിപണിയിൽനിന്ന് ഉൾപ്പെടെ വിദേശമൂലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്.
രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഏറെ ആഹ്ലാദം നൽകുന്നതാണ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് കാരണം.


