ദേശീയ കായിക ദിനാഘോഷ പരിപാടികളൊരുക്കി സഫാരി മാൾ
text_fieldsഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സഫാരി മാൾ സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിലെ വിജയികൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സഫാരി ഗ്രൂപ് സംഘടിപ്പിച്ച കായിക മത്സരങ്ങൾ സമാപിച്ചു. സഫാരിയുടെ വിവിധ ഔട്ട്ലെറ്റുകളിലായി നടന്ന പരിപാടികളിൽ നൂറുകണക്കിന് കായിക പ്രേമികളാണ് പങ്കെടുത്തത്. പ്രധാന ആകർഷകമായിരുന്ന പഞ്ചഗുസ്തി മത്സരം അബു ഹമൂർ ബ്രാഞ്ചിൽ നടന്നു. സഫാരി ഗ്രൂപ് വർഷങ്ങളായി നടത്തിവരുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഏഴാമത് സീസണായിരുന്നു ഇത്തവണ നടന്നത്. രണ്ട് വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, ഫിലിപ്പീന്‍സ്, അൾജീരിയ, നൈജീരിയ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നൂറിലധികം പേർ മാറ്റുരച്ചു. മുജീബ്, സജാദ്, സയീദ്, ജൂബിൽ, നിജോ, ഫൈസൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
80 കിലോയിൽ താഴെ ഭാരമുള്ളവർക്കായുള്ള കാറ്റഗറി എ വിഭാഗത്തിൽ അൾജീരിയയിൽ നിന്നുള്ള സലിം ഹെഷൈച്ചി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽനിന്നുള്ള ജോബിൻ സെബാസ്റ്റ്യൻ, റിന്റോ ജോസ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. 80 കിലോക്ക് മുകളിൽ ഭാരമുള്ളവരുടെ കാറ്റഗറി ബി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള എം.ഡി റാസി ഒന്നാം സ്ഥാനവും നൈജീരിയയിൽനിന്നുള്ള ഡേവിസ് ചിനന്യേ അകിദ് രണ്ടാം സ്ഥാനവും, ഹാദി അബു സാറ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2500 റിയാൽ, 1500 റിയാൽ, 1000 റിയാൽ എന്നിങ്ങനെ വിജയികൾക്ക് കാഷ് പ്രൈസ് ലഭിച്ചു. പഞ്ചഗുസ്തിക്ക് പുറമെ സഫാരി മാൾ അബു ഹമൂർ, സഫാരി ഹൈപ്പർമാർക്കറ്റ് അൽ ഖോർ, ബർക്കത്ത് അൽ അവാമിർ, ഇസ്ദാൻ മാൾ അൽ ഗറാഫ എന്നിവിടങ്ങളിൽ നടന്ന ‘ഹാങ് ഓൺ ബാലൻസ്’ മത്സരവും വലിയ വിജയമായി. രാവിലെ ഒമ്പതു മുതൽ രാത്രി 10 മണി വരെ നീളുന്ന മത്സരത്തിൽ നിരവധി പേരാണ് തങ്ങളുടെ കായികക്ഷമത പരീക്ഷിക്കാനെത്തിയത്. മത്സരത്തിലെ വിജയികൾക്ക് സഫാരി ഷോപ്പിങ് വൗച്ചറുകൾ സമ്മാനമായി നൽകി.


