കിളികളെ ആകർഷിക്കാൻ സ്ഥാപിച്ച 'സവായ' ബേർഡ് കാളിങ് ഉപകരണങ്ങൾ പിടികൂടി
text_fieldsദോഹ: മരുഭൂമിയിൽ ഇണകളെ ആകർഷിക്കാൻ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന നിയമവിരുദ്ധ ‘ബേർഡ് കാളിങ്’ ഉപകരണങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിടിച്ചെടുത്തു.
‘സവായ’ എന്ന പേരിൽ അറിയപ്പെടുന്ന ഉപകരണമാണ് മരുഭൂമിയിലെ കുറ്റിക്കാടുകൾക്കും മറ്റുമിടയിലായി ഒളിപ്പിച്ചുവെച്ചത്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടത്തിയ പരിശോധനയിൽ പക്ഷികളെ ആകർഷിക്കുന്ന 800 ലധികം സവായ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. മന്ത്രാലയത്തിന്റെ വന്യജീവി സംരക്ഷണ വകുപ്പും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുമായി സഹകരിച്ചാണ് പരിശോധനാ നടത്തിയത്. ഉപകരണങ്ങൾ പിടിച്ചെടുക്കുകയും നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പക്ഷിവേട്ടകൾക്കും മറ്റുമായാണ് നിയമവിരുദ്ധമായ ഈ ഉപകരണം ഉപയോഗിക്കുന്നത്. വ്യാജമായ ഈ ശബ്ദം തിരിച്ചറിയാതെ പക്ഷികൾ തേടിയെത്തുമ്പോൾ അവയെ വേട്ടയാടുകയാണ് ചെയ്യുന്നത്. പിടിച്ചെടുത്തവയുടെ ദൃശ്യങ്ങൾ മന്ത്രാലയം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. പക്ഷികളെ വിളിച്ചുവരുത്തുന്ന കൃത്രിമ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പാരിസ്ഥിതിക നിയമ ലംഘനങ്ങളും പരിശോധിക്കാൻ വന്യജീവി സംരക്ഷണ വകുപ്പിന് കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നത് നിയന്ത്രിക്കുന്ന ഉത്തരവ് പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കർശനമായി നിരോധനമുള്ള ഉപകരണമാണ് ബേർഡ് കാളിങ് ഡിവൈസ്.