തനിമ റമദാൻ പെയിന്റിങ് മത്സരം: സമ്മാനദാനവും എക്സിബിഷനും വെള്ളിയാഴ്ച
text_fieldsദോഹ: റമദാനിൽ ഖത്തറിലെ കലാകാരൻമാർക്കായി ഇൻസൈറ്റ് എന്ന പേരിൽ തനിമ ഖത്തർ സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും വെള്ളിയാഴ്ച ലുസൈൽ ആർട് ഫാക്ടറിയിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചിത്രകാരന്മാരുടെ ഒത്തുകൂടലിൽ വിജയികളെ പ്രഖ്യാപിച്ച ശേഷം സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ജൂറി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങൾ എന്ന വിഷയത്തിൽ പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ രാജ്യക്കാരായ 40 കലാകാരന്മാരാണ് എൻട്രികൾ സമർപ്പിച്ചത്. സമ്മാനദാന ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ ആറുവരെ പൊതുജനങ്ങൾക്ക് ചിത്രങ്ങൾ കാണാനും ആസ്വദിക്കാനുമുള്ള അവസരവും ആർട്ട് ഫാക്ടറി ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്.


