ചോക്കു പൊടിക്കൈകൾ പോരാതെവരും
text_fieldsചുമരോളം ചേർന്നിരുന്ന ബോർഡിലെ അക്ഷരപ്പെരുക്കങ്ങൾക്കൊപ്പം ചൂരലുയർത്തി പാഠപുസ്തകങ്ങൾ ആഞ്ഞുപഠിപ്പിക്കുന്ന അധ്യാപകർ ഇനിയൊരു കെട്ടുകഥ ആയിക്കൂടായ്കയില്ല. 12 വർഷം മുമ്പ് ഒന്നും കാണാൻ കഴിയാത്ത, കേൾക്കാൻ മാത്രം കൊള്ളാവുന്ന ഒരു പോളിഫോണിക് ഫോണിന് മുന്നിലേക്ക് പഠിക്കാനായി ഒാടിക്കൂടുന്ന വിദൂര ഗ്രാമങ്ങളിലെ കുട്ടികളുടെ പരസ്യചിത്രം അന്നൊരു കെട്ടുകഥയായിരുന്നത് ഇപ്പോൾ യാഥാർഥ്യമായതുപോലെ.
'പത്തോ പതിനഞ്ചോ വർഷം മുമ്പായിരുന്നു ഈ കോവിഡ് വന്നിരുന്നതെങ്കിൽ നമ്മളൊക്കെ എങ്ങനെ പഠിക്കുമായിരുന്നു' എന്ന് അടുത്തിടെ ഒരു കുട്ടി ചോദ്യംകൊണ്ട് അമ്പരപ്പിച്ചുകളഞ്ഞു. ശരിക്കും അങ്ങനെയായിരുന്നു കാര്യങ്ങളെങ്കിൽ പുല്ലുകയറിമുറ്റിയ പള്ളിക്കൂട മുറ്റങ്ങൾ കണക്കെ പാഠപുസ്തകങ്ങളും പൂൽക്കൂടായേനേ. ലോകം ഒരു മഹാമാരിയിൽ അടഞ്ഞുകിടക്കുമ്പോഴും വിദ്യാലയങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വീടുകൾക്കുള്ളിലും വഴിയരികിലും യാത്രക്കിടയിലുമെല്ലാം അവധിയില്ലാതെ ക്ലാസ്മുറികൾ ഒപ്പമുണ്ട്. ദൃശ്യസാധ്യതയുടെ ചതുരവിടവിലൂടെ കുട്ടികൾക്കു മുന്നിലേക്ക് ക്ലാസ്മുറികൾ ഇറങ്ങിവരുന്നു. എല്ലാം പഠിപ്പിക്കുന്ന മൊബൈൽ ഫോൺ എന്ന ഏകാധ്യാപക വിദ്യാലയം.
അധ്യാപകന്മാരുടെ ദിനമാണിന്ന്. വാഴയിലയിലോ വട്ടപ്പാത്രത്തിലോ ചോറും പൊതിഞ്ഞെടുത്ത്, ബെല്ലടിക്കുന്ന പ്യൂൺ ലേശംകൂടി വൈകിയിരുന്നെങ്കിലെന്ന് കുട്ടികൾക്കൊപ്പം കൊതിച്ചോടിയിരുന്ന പുലർകാലങ്ങളെ മിസ് ചെയ്യുന്നുണ്ടാവും ഈ ദിനത്തിൽ അധ്യാപകരും. വിദൂരങ്ങളിലിരുന്ന് അവർ നാടുനീളെയിരിക്കുന്നവർക്ക് ഇപ്പോഴും പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നു...
എല്ലാം കഴിഞ്ഞ് എന്നിനി വിദ്യാലയങ്ങൾ വാതിൽ തുറക്കുമെന്ന് ഇപ്പോഴുമില്ല ഒരുപിടിയും. ഇനി തുറന്നാൽ തന്നെ പഴയതുപോലൊരു സ്കൂളും പഴയ വിദ്യാർഥികളും അധ്യാപകരുമൊന്നുമാവില്ലെന്നുറപ്പ്.
പക്ഷേ, ഇ- ക്ലാസുകൾ പോലും ശരിയായ ക്ലാസല്ലെന്ന് എല്ലാവർക്കുമറിയാം. ക്ലാസ് മുറികളിലൂടെ പഠനം നടത്താനായി തയാറാക്കിയ സിലബസും കരിക്കുലവും പാഠപുസ്തകങ്ങളും ഒരു ഫോണിെൻറ ഇരുതലകളെ കോർത്തിണക്കി എങ്ങനെ പഠിപ്പിക്കാമെന്ന വെല്ലുവിളിയാണ് നടക്കുന്നത്.
സാങ്കേതികവിദ്യകളുടെ സാധ്യതകൾ എത്രയോ കാലംമുമ്പുതന്നെ പല ക്ലാസ്മുറികളെയും സ്മാർട്ടാക്കിയിരുന്നു. പക്ഷേ, വിദ്യാഭ്യാസമൊന്നാകെ സ്മാർട്ട് ഫോണിലാക്കി അടിമുടി സ്മാർട്ടാക്കിയത് കോവിഡ് തന്നെയാണ്.
അറിവുകളെ ഏതുവിധേനയും പകർന്നുകൊടുക്കൽ മാത്രമാണ് വിദ്യാഭ്യാസമെങ്കിൽ ഇനി അധ്യാപകരുടെ ആവശ്യമേയില്ല. ഇനിയും കൂടുതൽ സ്മാർട്ടാകാനിരിക്കുന്ന ഡിജിറ്റൽ ഗുരുക്കന്മാർ മതി. പക്ഷേ, ജീവിതത്തിെൻറ ഇഴകൾ കണ്ണിവിടാതെ നെയ്തുചേർക്കുന്ന പാഠങ്ങൾ അനുഭവപരമായിത്തന്നെ പകർന്നുകൊടുക്കാൻ അധ്യാപകൻ കൂടിയേതീരൂ. അത് വടിയെടുത്ത പഴയ അധ്യാപകനായിരിക്കില്ല.
ഇനി വിദ്യാലയങ്ങൾ തുറക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ പോകുന്നതും അധ്യാപകരായിരിക്കും. പുതിയ ഉപകരണങ്ങളുടെ കാര്യത്തിൽ അധ്യാപകനെക്കാൾ 'സ്മാർട്ടായ' വിദ്യാർഥികളെ അഭിമുഖീകരിക്കാൻ അതിലും അപ്പുറം ചെന്നുനിൽക്കുന്ന അധ്യാപകനേ കഴിയൂ. ചോക്കുപൊടി പാറിച്ച് കണക്കും കാര്യങ്ങളും ശാസ്ത്രവും പകരുന്ന പഴയ ബോർഡുകൾ പോരാ, ഡിജിറ്റൽ കൺസെപ്റ്റുകളിലൂടെയും ട്യൂഷൻ ആപ്പുകളിലൂടെയും ആനിമേഷൻ ക്ലാസുകളിലൂടെയും പരിചയിച്ച വിദ്യാർഥികളോട് ഇടപെടാൻ പഴയ 'ചോക്കുപൊടിക്കൈകൾ' പോരാതെവരും.
ക്ലാസ്മുറികളെക്കാളും വിദ്യാർഥികളെക്കാളും അധ്യാപകർ സ്മാർട്ടാവുകയും പഠനമാധ്യമമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ടു മാത്രമേ അതിജീവനം സാധ്യമാകൂ. അല്ലെങ്കിൽ ചോദ്യത്തിനു മുമ്പേ ഉത്തരം എവിടിരിക്കുന്നുവെന്നറിയാവുന്നവർക്കു മുന്നിൽ അധ്യാപകരും പകച്ചുപോകും. കാരണം, മുന്നിലിരിക്കുക മുതിർന്ന വിദ്യാർഥിയായിരിക്കില്ല; എന്തിനും മുതിർന്ന വിദ്യാർഥിയായിരിക്കും.